വാട്സ്ആപ്പ് ഗ്രൂപ്പില്‍ സമൂഹത്തില്‍ അപകീര്‍ത്തി ഉണ്ടാക്കുന്ന മെസേജ് ഗ്രൂപ്പംഗം അയച്ചാല്‍ അഡ്മിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി

single-img
21 December 2016

whatsapp-group
ന്യൂഡല്‍ഹി: വാട്സ്അപ്പ് ഗ്രൂപ്പിലെ ഒരംഗം അയച്ച മെസേജിന്റെ പേരില്‍ വാട്സ്ആപ്പ് പോലുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലെ അഡ്മിന്‍മാര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. ഗ്രൂപ്പിലെ ഒരംഗം സമൂഹത്തില്‍ അപകീര്‍ത്തിയുണ്ടാക്കുന്ന കാര്യങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പോലും അഡ്മിന്‍ ഉത്തരവാദിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഹരിയാന സ്വദേശിയായ ഒരാള്‍ സമര്‍പ്പിച്ച പരാതിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിരവധി അംഗങ്ങളുള്ളതിനാല്‍ ഓരോ മെസേജുകളും അഡ്മിന്റെ ശ്രദ്ധയില്‍പ്പെടാന്‍ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചു. സത്യാവസ്ഥ മനസ്സിലാക്കാതെ ഇത്തരം തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും അത് സമൂഹത്തില്‍ പരിഭ്രാന്തി പരത്തുകയും ചെയ്താല്‍ സന്ദേശം അയച്ച ആളും അഡ്മിനും അകത്തു പോകേണ്ടിവരുമെന്നായിരുന്നു നേരത്തെയുള്ള ചട്ടം.

എന്നാല്‍ ഇത്തരം സംഭവങ്ങളില്‍ അഡ്മിന്‍ ഉത്തരവാദിയാകില്ലെന്ന് പറഞ്ഞ കോടതി, ഗ്രൂപ്പ് അംഗങ്ങളോട് ഇത്തരം മെസോജുകള്‍ അയയ്ക്കരുതെന്ന് മാത്രമേ നിര്‍ദ്ദേശിക്കാന്‍ കഴിയൂയെന്നും നിരീക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 505 1(ബി) വകുപ്പു പ്രകാരമാണ് ഇത്തരം സംഭവങ്ങളില്‍ പൊലീസ് കേസെടുക്കുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുക, ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ച് ഭയപ്പാട് സൃഷ്ടിക്കുക എന്നീ കുറ്റങ്ങളാണ് വകുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സ്വസ്ഥത കെടുത്തി എന്ന കുറ്റം പ്രകാരമാണ് കേസെടുക്കുക. സത്യാവസ്ഥ അറിയാതെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുക എന്നതുമാത്രമാണ് ഇതിന് ചെയ്യാവുന്നത്.