പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും വിശ്വസിച്ചതാണ് കുഴപ്പം; അസാധു നോട്ടുകള്‍ മാറ്റി വാങ്ങാന്‍ വൈകിയതിന് ഒരാള്‍ നല്‍കിയ മറുപടി വൈറലാവുന്നു

single-img
21 December 2016

ramkumar

തിരുവനന്തപുരം: അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ഇനി മുതല്‍ കാരണം വ്യക്തമാക്കണമെന്ന വ്യവസ്ഥ വന്നതോടെ പണം നിക്ഷേപിക്കാന്‍ വൈകിയതിന് ഒരു ഉപയോക്താവ് നല്‍കിയ വിശദീകരണം ശ്രദ്ധേയമാകുന്നു. സേഷ്യല്‍ മീഡിയയും ഇത് ഏറ്റുപിടിച്ചതോടെ സംഭവം വൈറലായി മാറി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും മുംബൈ സ്‌കൂള്‍ ഓഫ് ഡെലവപ്പ്മെന്റ് സ്റ്റഡീസില്‍ പ്രൊഫസറും ഡീനുമായ ആര്‍. രാംകുമാര്‍ നല്‍കിയ വിശദീകരണമാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരിക്കുന്നത്.

പണം നിഷേപിക്കാന്‍ ബാങ്കില്‍ നിന്നും നല്‍കിയ രസീതില്‍ വൈകാനുള്ള കാരണം എന്താണെന്നുള്ളിടത്ത് രാംകുമാര്‍ എഴുതിയത് ഇങ്ങനെയാണ്. ‘ഞാന്‍ എന്റെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും വാക്കുകള്‍ വിശ്വസിച്ചിരുന്നു. എനിക്ക് 30.12.2016 വരെ പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സമയമുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ അവരുടെ അഭിപ്രായം മാറ്റി’ എന്നാണ് രംകുമാര്‍ കാരണമായി എഴുതിയത്. ഈ കുറിപ്പിന്റെ ചിത്രമുള്‍പ്പെടെ രാംകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയമുണ്ടെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.

ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ വലിയ ക്യൂ നിരന്നതോടെ ജനങ്ങള്‍ ധൃതികൂട്ടേണ്ടെന്നും ഡിസംബര്‍ 30വരെ സമയമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയം അവസാനിച്ചതായും ഇനി മുതല്‍ ഇവ ബാങ്കില്‍ നിക്ഷേപിക്കാനേ കഴിയൂവെന്നും പ്രഖ്യാപിച്ചു. എന്നാല്‍ ഡിസംബര്‍ 30ന് മുമ്പ് മൂന്നാംതവണയും കേന്ദ്രസര്‍ക്കാര്‍ തീരുമാനം മാറ്റി. ഇനി മുതല്‍ അയ്യായിരം രൂപ വരെയേ പഴയ നോട്ടുകള്‍ ഉപയോഗിച്ച് നിക്ഷേപം നടത്താനാകൂവെന്നും ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നവര്‍ കാരണം വിശദീകരിക്കണമെന്നുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അറിയിച്ചത്. ഈ സാഹചര്യത്തിലാണ് രാംകുമാര്‍ ഇത്തരമൊരു വിശദീകരണം നല്‍കിയിരിക്കുന്നത്.

തന്റെ മറുപടി കണ്ട കാഷ്യര്‍ മാനേജറോട് കാര്യം പറയുകയും അദ്ദേഹത്തെ കാണാന്‍ ആവശ്യപ്പെടുകയും ചെയ്തതായും രാംകുമാര്‍ പറയുന്നു. മറ്റെന്തെങ്കിലും കാരണം എഴുതി നല്‍കണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കള്ളം പറയില്ല എന്ന് താന്‍ പറഞ്ഞു. മാത്രമല്ല തന്റെ വിശദീകരണം തിരുത്തി സര്‍ക്കാറിനെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിവാക്കാന്‍ തയ്യാറല്ല എന്നും വ്യക്തമാക്കിയതോടെ നോട്ടുകള്‍ മാറി നല്‍കാന്‍ ബാങ്കധികൃതര്‍ തയ്യാറായെന്നും അദ്ദേഹം പറയുന്നു.

അതിനിടെ ഇത്തരമൊരു വിശദീകരണം നല്‍കിയ രാംകുമാറിനെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്തുവന്നിട്ടുണ്ട്. പ്രൊഫ. രാംകുമാറിന്റെ പ്രതികരണം കലക്കിയെന്നും. ഇതുപോലെ എല്ലാവരും എഴുതാന്‍ തയ്യാറായാല്‍ മോഡി കുറച്ച് നാണം കെടുമെന്നും, തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നു. അസാധുവാക്കിയ നോട്ടുകള്‍ മുഴുവന്‍ ഡിസംബര്‍ 30ന് മുമ്പ് ബാങ്കില്‍ തിരിച്ചെത്തുമെന്നുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കാരണമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.