സെയ്ഫ്-കരീന ദമ്പതികളുടെ കുഞ്ഞിന് തൈമൂര്‍ എന്ന് പേരിട്ടതിനെതിരെ തീവ്ര ഹിന്ദുത്വവാദികള്‍; കരീനയ്ക്ക് സിക്കാ വൈറസ് ബാധിക്കട്ടേയെന്നും കുഞ്ഞ് കാന്‍സര്‍ വന്ന് മരിച്ചു പോകട്ടേയെന്നും ആശംസ

single-img
21 December 2016

kareena-kapoor-taimur-ali-khan-first-pic-759

മുംബൈ: താരദമ്പതികളായ കരീന കപൂറും, സെയ്ഫ് അലി ഖാനും തങ്ങളുടെ കുടുംബത്തില്‍ പുതിയ ഒരു അതിഥി കൂടി വന്നെത്തിയതിന്റെ സന്തോഷത്തിലാണ്. ഇന്നലെയാണ് കരീന ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. സംവിധായകന്‍ കരണ്‍ ജോഹറാണ് ഈ സന്തോഷ വാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തെ സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. മാത്രമല്ല കരീന കുഞ്ഞിനെ ചുംബിക്കുന്ന ചിത്രവും വൈറലായി മാറിയിരുന്നു.

തൈമൂര്‍ അലി ഖാന്‍ പട്ടൗഡി എന്നാണ് കുഞ്ഞിന് പേരിട്ടത്. ജീവിതത്തിലെ സുപ്രധാന നിമിഷമെന്നായിരുന്നു കുഞ്ഞു ജനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ സെയ്ഫിന്റെ പ്രതികരണം. എന്നാല്‍ ദമ്പതികളും ആരാധകരും സന്തോഷം പങ്കുവയ്ക്കുമ്പോള്‍ നവമാധ്യമങ്ങളിലൂടെ ദമ്പതികളെ ആക്രമിച്ചു കൊണ്ടാണ് തീവ്ര ഹിന്ദുത്വവാദികള്‍ രംഗത്തെത്തിയത്. കരീന സെയ്ഫ് ദമ്പതികളുടെ കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതാണ് ഇവരെ ചൊടിപ്പിച്ചത്.

പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യയിലെ ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയ മദ്ധ്യേഷ്യന്‍ ഭരാണാധികാരിയായിരുന്ന തിമൂര്‍ എന്ന തിമൂര്‍ ബിന്‍ തരഘായ് ബര്‍ലാസിനെ ഓര്‍മിച്ചാണ് ദമ്പതികള്‍ ഈ പേരിട്ടതെന്നാണ് വാദം ഉയര്‍ന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധനായ ആര്‍എസ്എസ് പോസ്റ്റര്‍ ബോയ് തരേഖ് ഫത്താഹ് ആണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.

ഇത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും ഇന്ത്യയില്‍ അതിക്രമിച്ച് കയറി കൂട്ടക്കൊല നടത്തിയയാളുടെ പേര് ഒരു ഇന്ത്യക്കാരന് ഇട്ടത് അഹങ്കാരമാണെന്നും തരേഖ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. തിമൂര്‍ അല്ലെങ്കില്‍ തൈമൂര്‍ എന്ന പേര് ഇന്ത്യയിലുള്ള കുട്ടിക്ക് ഇട്ടതിലൂടെ ആ ക്രൂരനായ ഭരണാധികാരിയുടെ നടപടികളെ ആശ്ലേഷിക്കുകയാണ് ചെയ്യുന്നത്. ഇന്ത്യയിലുള്ള ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടേയും എല്ലുകള്‍ കൊണ്ട് പിരമിഡ് പണിത തിമൂറിന്റെ പേര് സ്വീകരിച്ചത് പൊറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തരേഖ് ഫത്താഹിന്റെ പരാമര്‍ശത്തിന് അനുകൂലമായി നിരവധി പേര്‍ ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു. താര ദമ്പതികളെ വിമര്‍ശിക്കുന്നതിന് അപ്പുറം ഇവരുടെ കുഞ്ഞിന് മരണം നേരുന്നതായി അറിയിച്ചും തീവ്രഹിന്ദുത്വവാദികള്‍ കുറിപ്പെഴുതി. കരീനയ്ക്ക് സിക്കാ വൈറസ് ബാധിക്കട്ടേയെന്നും കുഞ്ഞ് കാന്‍സര്‍ വന്ന് മരിച്ചു പോകട്ടേയെന്നും ഇവര്‍ കുറിച്ചു. ഒരു ഭീകരവാദിക്ക് ചേര്‍ന്ന പേരാണിതെന്നും ഒരു ജിഹാദി ജനിച്ചതായും വിമര്‍ശകര്‍ കുറിച്ചു. എന്നാല്‍ സ്വന്തം കുഞ്ഞിന് എന്ത് പേരിടണമെന്ന അവകാശം അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് താരദമ്പതികളുടെ വിമര്‍ശനം വന്നു. പിഞ്ചുകുഞ്ഞിന് മരണം നേരാന്‍ സംഘശക്തികള്‍ക്ക് അല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും കുറ്റപ്പെടുത്തലുകള്‍ വന്നു.