ഏഴു വയസുകാരിയായ എഴുത്തുകാരിയെ അലപ്പോയില്‍ നിന്ന് രക്ഷപ്പെടുത്തി; രക്ഷപ്പെടുത്തിയത് സിറിയന്‍ യുദ്ധത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച ബനായെ

single-img
21 December 2016

 

bana
ദമാസ്‌കസ്: സിറിയന്‍ യുദ്ധത്തിന്റെ ഭീകരത ട്വീറ്റുകളിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന ഏഴു വയസുകാരി ബനാ അല്‍ അബ്ദിനെ അലപ്പോയില്‍ നിന്ന് രക്ഷപ്പെടുത്തി. ഐഎസും സിറിയന്‍ സൈന്യം ഏറ്റുമുട്ടല്‍ തുടരുന്ന അലപ്പോയില്‍ ഏറ്റവും ഒടുവില്‍ ഒഴിപ്പിക്കപ്പെട്ട 3000 പേരിലാണ് ബനായും കുടുംബവും ഉള്‍പ്പെട്ടത്. ബനായും കുടുംബവും ഇപ്പോള്‍ സുരക്ഷിതരാണെന്ന് സന്നദ്ധ സംഘടനയായ സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റിയുടെ പ്രസിഡന്റ് അഹ്മദ് തരാക്ജി ട്വിറ്ററിലൂടെ അറിയിച്ചു. ബനായെ ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എടുത്തുനില്‍ക്കുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് ട്വിറ്ററില്‍ ബനായ്ക്കുള്ളത്. പ്രതിദിനമുള്ള ബനായുടെ ട്വീറ്റുകള്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചിരുന്നു. പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് തന്നെ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. തീവ്രവാദികള്‍ക്കു വേണ്ടി ബനാ പ്രചാരണം നടത്തുകയാണെന്നായിരുന്നു ആരോപണം.

യുദ്ധത്തിന്റെ ഭീകര ചിത്രങ്ങള്‍ ബനായുടെ ട്വീറ്റിലൂടെ ലോകം കണ്ടു. ട്വീറ്റുകളുടെ എണ്ണം കുറഞ്ഞപ്പോള്‍ അവളുടെ ജീവനെക്കുറിച്ചുള്ള ഭയാശങ്കകള്‍ വളര്‍ന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന മാതാവ് ഫാത്തിമയുടെ സഹായത്തോടെയാണ് ബനാ സെപ്റ്റംബറില്‍ ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. വ്യോമാക്രമണം അവസാനിപ്പിക്കാന്‍ അന്തര്‍ദേശീയ സമൂഹം ഇടപെടണമെന്ന് അഭ്യര്‍ഥിച്ച് ബനായുടെയും അവളുടെ രണ്ട് ഇളയ സഹോദരങ്ങളുടെയും ചിത്രങ്ങള്‍ ഫാത്തിമ പോസ്റ്റ് ചെയ്തിരുന്നു.

വീട് സൈന്യം തകര്‍ത്തു, പിതാവിന് പരിക്കേറ്റു എന്നും രണ്ടാഴ്ചമുമ്പ് ബനാ ട്വീറ്റ് ചെയ്തു. പിന്നീട് ‘ഗുഡ് ബൈ’ പറഞ്ഞുള്ള ട്വീറ്റിനുശേഷം അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. അക്കൗണ്ട് സൈന്യം പൂട്ടിച്ചതാവാമെന്നായിരുന്നു ഫോളോവേഴ്സിന്റെ ഭയം.