വിദേശ മദ്യഷാപ്പുകളില്‍ വിവിധ ജോലികള്‍ക്ക് സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി; സ്ത്രീകള്‍ക്ക് ജോല്ി നിഷേധിക്കുന്ന ചട്ടങ്ങള്‍ റദ്ദാക്കി

single-img
21 December 2016

 

A shop owner removes bottles of hard liquor from a shelf in Prague

കൊച്ചി:വിദേശ മദ്യഷാപ്പുകളിലും ഔട്ട്ലറ്റുകളിലും വിവിധ ജോലികളിലേക്ക് സ്ത്രീകള്‍ക്കും നിയമനം നല്‍കണമെന്ന് ഹൈക്കോടതി. സ്ത്രീകള്‍ക്ക് നിയമനം നിഷേധിക്കുന്ന കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ചട്ടത്തിലെയും വ്യവസ്ഥകള്‍ റദ്ദാക്കിയാണ് സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇത്തരം വ്യവസ്ഥകള്‍ തുല്യനീതി ഉറപ്പാക്കുന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെയും ലിംഗ സമത്വം ഉറപ്പാക്കുന്ന പതിനഞ്ചാം അനുഛേദത്തിന്റെയും ലംഘനമാണെന്നും നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീകളെ നിയമിക്കാനാവില്ലെന്ന വ്യവസ്ഥകളുടെ പേരില്‍ ബിവറേജസ് കോര്‍പറേഷനിലെ പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പി.എസ്.സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട കൊല്ലം ചവറ സൗത്ത് സ്വദേശിനി ബി. സനൂജയുള്‍പ്പെടെ ആറുപേര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

വിദേശ മദ്യഷാപ്പുകളില്‍ സ്ത്രീകളെ നിയമിക്കരുതെന്നാണ് കേരള അബ്കാരി ഷോപ്സ് ഡിസ്പോസല്‍ ചട്ടത്തിലെയും വിദേശമദ്യ ലൈസന്‍സ് ചട്ടത്തിലെയും വ്യവസ്ഥ. ഈ വ്യവസ്ഥകളുടെ പേരില്‍ റാങ്ക് പട്ടികയില്‍ മുന്നില്‍നിന്ന സ്ത്രീകളെ തഴഞ്ഞ് പട്ടികയില്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിച്ചു. ഇത് തുല്യനീതിയുടെ നിഷേധമാണെന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയത്. റാങ്ക് പട്ടികയില്‍ ഹര്‍ജിക്കാരെക്കാള്‍ താഴെയുള്ള പുരുഷന്മാര്‍ക്ക് നിയമനം ലഭിക്കാനിടയായ സാഹചര്യം ഭരണഘടനവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ അര്‍ഹതയുള്ള വനിതകള്‍ക്ക് രണ്ടാഴ്ചക്കകം പി.എസ്.സി നിയമനം നല്‍കണം.

ഒഴിവുകള്‍ നിലവിലില്ലെങ്കില്‍ ഇനിവരുന്ന ഒഴിവുകള്‍ക്കനുസരിച്ച് ക്രമീകരിക്കാവുന്ന തരത്തില്‍ നിയമനം നടത്തണമെന്നും കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നിലവിലെ നിയമനങ്ങള്‍ പി.എസ്.സി പുന:ക്രമീകരിക്കണമെന്നും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.