വൈകല്യമുള്ള യുവാക്കളെ തേടിയെത്തി വിവാഹത്തട്ടിപ്പ്; കൈക്കലാക്കിയത് ഒന്നരക്കോടി; യുവതിയെയും സംഘത്തെയും കൊച്ചിയിലെത്തിച്ചു

single-img
21 December 2016

marriage-fraud-jpg-image-784-410
വിവാഹത്തട്ടിപ്പുകള്‍ നാട്ടില്‍ ഒരുപാട് നടക്കുന്നുണ്ടെങ്കിലും അതിനായി വൈകല്യമുള്ളവരെ തേടിയെത്തി പണം കവര്‍ന്നു കടന്നു കളയുന്ന സംഘത്തെ ആദ്യമായി കാണുകയായിരുന്നു. കഴിഞ്ഞ ദിവസം കൊച്ചി സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പിടിയിലായ ഇന്‍ഡോര്‍ സ്വദേശിനിയാണ് വൈകല്യമുള്ള യുവാക്കളെ മാത്രം തെരഞ്ഞുപിടിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് വെളിപ്പെടുത്തിയത്. ഈ തട്ടിപ്പുകാരി കവര്‍ന്നത് പണത്തേക്കളുപരി സാധാരണക്കാരായ യുവാക്കളുടെ ജീവിതസ്വപ്നങ്ങള്‍ കൂടിയാണ്.

മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശിനി മേഘ ഭാര്‍ഗവി(27)യാണ് പ്രത്യേക സമുദായത്തിലെ സംസാര വൈകല്യമോ, ശാരീരിക വൈകല്യമോ ഉള്ള യുവാക്കളെ ലക്ഷ്യം വെക്കുന്നത്. വൈകല്യങ്ങളെ അംഗീകരിച്ച് വിവാഹത്തിന് തയ്യാറാകുന്ന യുവതിയെ ഇരുകൈയും നീട്ടിയാണ് യുവാക്കള്‍ സ്വീകരിക്കുന്നത്. ഇതാണ് മേഘയും കൂട്ടരും ആയുധമാക്കിയിരുന്നത്.

മേഘയ്ക്കു പുറമേ, സഹോദരി പ്രാചി ഭാര്‍ഗവ് (29), മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ദേവേശ് ശര്‍മ (32) എന്നിവരെ നോയിഡ പോലീസിന്റെ സഹായത്തോടെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു കൊച്ചിയിലെത്തിച്ചു. തട്ടിപ്പിനു കൂട്ടുനിന്നതിനാണു പ്രാചിയെയും ദേവേശിനെയും അറസ്റ്റ് ചെയ്തത്. വിവാഹം നടത്താന്‍ ഇടനിലക്കാരനായി നിന്ന മഹേന്ദ്ര ഗുണ്ടേല ജാമ്യത്തിലാണ്.

യുവാക്കളെ വിവാഹം ചെയ്ത് കുറച്ചു നാള്‍ ഒന്നിച്ചു കഴിയുകയും അതിനു ശേഷം സ്വന്തം നാട്ടിലേക്ക് കടന്നു കളയുകയുമായിരുന്നു മേഘയുടെ രീതി. ഭര്‍ത്താവ് അന്വേഷിച്ചു ചെല്ലുമ്പോള്‍ കുടുംബവുമായി മറ്റൊരു സംസ്ഥാനത്തേക്കു മുങ്ങുകയാണു ചെയ്തിരുന്നത്. ഇത്തരത്തില്‍ മേഘ 5 വിവാഹങ്ങള്‍ ചെയ്തതായി സമ്മതിച്ചിട്ടുണ്ട്.

വൈറ്റില പൊന്നുരുന്നിയില്‍ താമസക്കാരനായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിനെ വിവാഹം ചെയ്തു വഞ്ചിക്കുകയും 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ഇതിനുശേഷം ഒരു വിവാഹം കൂടി ചെയ്തതായി മേഘ വെളിപ്പെടുത്തി.

ഛത്തീസ്ഗഡില്‍ 2012ല്‍ രാജേഷ് ഗോലേജ എന്നയാളെ വിവാഹം ചെയ്ത് 90 ലക്ഷം രൂപയും 2014ല്‍ ഗുജറാത്ത് സൂറത്തിലെ ഹേമന്ദ് കുമാറിനെ വിവാഹം ചെയ്ത് 13 ലക്ഷം രൂപയും 2015ല്‍ രാജസ്ഥാന്‍ ജോധ്പുരിലെ സന്ദേഷ് ചോപ്രയെ വിവാഹം ചെയ്ത് 15 ലക്ഷം രൂപയും തട്ടിയെടുത്തു. 10 ലക്ഷം രൂപ നഷ്ടപ്പെട്ട സൂറത്തിലെ അരുണ്‍കുമാര്‍ എന്നയാളാണ് ഒടുവിലത്തെ ഇര. കടവന്ത്ര സ്റ്റേഷനിലെ കേസില്‍ അന്വേഷണോദ്യോഗസ്ഥനു മുന്‍പില്‍ ഹാജരാകണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.