മുംബൈയില്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് വീണ് അഞ്ചുവയസുള്ള കുട്ടി മരിച്ചു; കുട്ടിയെ അയല്‍വാസി തള്ളിയിട്ടതാണെന്ന് പിതാവിന്റെ ആരോപണം

single-img
21 December 2016

 

അഞ്ച് വയസ്സകാരി വീണ് മരിച്ച ബൈക്കുളയിലെ ഫ്‌ളാറ്റ്‌

അഞ്ച് വയസ്സകാരി വീണ് മരിച്ച ബൈക്കുളയിലെ ഫ്‌ളാറ്റ്‌

മുംബൈ: മധ്യമുംബൈയിലെ ബൈക്കുളയില്‍ കെട്ടിടത്തിന്റെ പതിനഞ്ചാം നിലയില്‍നിന്ന് വീണ് അഞ്ചുവയസ്സുള്ള കുട്ടി മരിച്ചു. കുട്ടിയെ തള്ളിയിട്ടതാണെന്ന സംശയത്തില്‍ അയല്‍വാസികളെ ചോദ്യംചെയ്യുന്നു.

പതിനഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ മകളെ സ്‌കൂളിലേക്കുവിടാനുള്ള ഒരുക്കത്തിലായിരുന്നു കുട്ടിയുടെ പിതാവ് അശോക്. സ്‌കൂള്‍ യൂണിഫോം ധരിച്ച് തയ്യാറായിനിന്ന മകള്‍ താഴെ വീണെന്ന കാര്യം കെട്ടിടത്തിന്റെ സുരക്ഷാ ജീവനക്കാരന്‍ വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം അറിയുന്നത്. ആശുപത്രിയിലെത്തും മുമ്പ് മകള്‍ മാനവി മരിച്ചിരുന്നു. മാനവിയുടെ അമ്മ ആരതി രാവിലെ ജോലിക്ക് പോയിരുന്നു.

ഫ്ളാറ്റിന്റെ ബാല്‍ക്കണിക്ക് ചുറ്റും നാലരയടി ഉയരമുള്ള ചുമരുണ്ട്. അതിനുപുറത്ത് മൂന്നടി വീതിയില്‍ പാരപ്പെറ്റുമുണ്ട്. കുട്ടി തനിയെ അവിടെനിന്ന് വീഴാന്‍ ഒരു സാധ്യതയുമില്ലെന്ന് അശോക് പറയുന്നു. കുട്ടിയെ ആരോ എടുത്തെറിഞ്ഞതാണെന്നാണ് പിതാവിന്റെ സംശയം.

അശോകിന്റെ കുടുംബവും അയല്‍പ്പക്കത്തെ താമസക്കാരും തമ്മില്‍ അടുത്തിടെ വഴക്കുണ്ടായിരുന്നു. ഈ കുടുംബത്തെയാണ് പൊലീസ് ചോദ്യംചെയ്യുന്നത്. ഒരിക്കല്‍ ആരതി ജോലികഴിഞ്ഞുവരുമ്പോള്‍ അയല്‍വാസി അയാളുടെ വീട്ടില്‍ അടിവസ്ത്രംമാത്രം ധരിച്ച് നില്‍ക്കുന്നത് കണ്ടു. മാന്യമായി വസ്ത്രം ധരിച്ചില്ലങ്കില്‍ പരാതി നല്‍കുമെന്ന് ആരതി പറഞ്ഞു. ഇതേച്ചൊല്ലിയാണ് ഇരുകുടുംബങ്ങളും തമ്മില്‍ വഴക്കുണ്ടായത്.

അടുത്ത ദിവസം മാനവിയുടെ സ്‌കൂള്‍ യൂണിഫോം ആരോ കത്തിച്ചു. ആരതിയും അശോകും പോലീസില്‍ പരാതി നല്‍കി. യൂണിഫോമിന്റെ പണം നല്‍കാമെന്ന് പറഞ്ഞാണ് അയല്‍വാസി കേസ് ഒത്തുതീര്‍ത്തത്. മാനവിയുടെ മരണത്തിനുപിന്നിലും ഇവരുടെ കൈകളുണ്ടെന്നാണ് മറ്റു താമസക്കാരുടെ സംശയം. എന്നാല്‍, ഇതിന് തെളിവൊന്നും കിട്ടിയിട്ടില്ല. സി.സി.ടി.വി ക്യാമറയില്‍ മാനവി താഴെ വീഴുന്ന ദൃശ്യം മാത്രമേയുള്ളൂ.