ബ്രിട്ടനെ പിന്തള്ളി ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തി; ഇന്ത്യയെ തുണച്ചത് മോഡിയല്ല, ബ്രെക്‌സിറ്റ്

single-img
20 December 2016

An employee counts Indian currency notes inside a private money exchange office in New Delhi

ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയെന്ന സ്ഥാനത്തേക്ക് ഇന്ത്യ കുതിക്കുന്നു. ഫോബ്സ് മാഗസിന്റെയാണ് റിപ്പോര്‍ട്ട്. 150 വര്‍ഷത്തിനിടയില്‍ ഇതാദ്യമായയാണു സാമ്പത്തിക രംഗത്ത് ഇന്ത്യയുടെ ഈ നേട്ടം. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ഇനി ഇന്ത്യയ്ക്കു മുന്നിലുള്ളത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുപോയതോടെ അവിടുത്തെ സാമ്പത്തിക രംഗത്തു വലിയ മാന്ദ്യമുണ്ടായതാണ് ഇന്ത്യയ്ക്കു തുണയായത്. സാമ്പത്തിക വളര്‍ച്ചാ രംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമുണ്ടാക്കുന്നതും നേട്ടത്തിന്റെ വേഗം വര്‍ധിപ്പിച്ചു. കഴിഞ്ഞ 12 മാസമായി പൗണ്ടിന്റെ മൂല്യം ഇടിയുകയാണ്. ഒരു വര്‍ഷത്തിനിടെ പൗണ്ടിന്റെ മൂല്യത്തില്‍ 20 ശതമാനത്തോളമാണ് ഇടിവുണ്ടായത്.

ഇന്ത്യയില്‍ ഇപ്പോള്‍ സാമ്പത്തിക വളര്‍ച്ച ആറു ശതമാനത്തിനും എട്ടു ശതമാനത്തിനും ഇടയിലാണ്. ബ്രിട്ടന്റേതാകട്ടെ ഇത് ഒന്നു മുതല്‍ രണ്ടുവരെ ശതമാനത്തിനിടെയാണ്. കറന്‍സി ശക്തിപ്രാപിച്ചാല്‍ തന്നെ വളര്‍ച്ചയിലെ ഈ അന്തരം കുറച്ചുകൊണ്ടുവരിക ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക രംഗത്ത് ഇന്ത്യ ബ്രിട്ടണെ പിന്തള്ളുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെയാകും ഇതു സംഭവിക്കുകയെന്നായിരുന്നു ഐഎംഎഫ് റിപ്പോര്‍ട്ട്. ഒരുകാലത്ത് ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ അവരെ പിന്തള്ളി സാമ്പത്തിക ശക്തിയെന്ന നിലയില്‍ മുന്നിലെത്തിയത് സുപ്രധാന നാഴികക്കല്ലാണ്.

2016 ല്‍ ബ്രിട്ടന്റെ മൊത്തം ആഭ്യന്തരോത്പാദനം 2.29 ട്രില്യണ്‍ ഡോളറാണെന്നാണു കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനമാകട്ടെ 2.30 ട്രില്യണ്‍ ആയിരിക്കുന്നു. 2020 ഓടെ ഇന്ത്യ ലോക സാമ്പത്തിക ശക്തിയില്‍ അഞ്ചാം സ്ഥാനത്തെത്തുമെന്നു സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസേര്‍ച്ച് 2011ല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ അത് വളരെവേഗം പിന്നിടുകയാണെന്നാണ് ഫോബ്സ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.