ശ്രീജീവിന്റെ കസ്റ്റഡി മരണം: പിന്നില്‍ പോലീസുകാരന്റെ ബന്ധുവുമായുള്ള പ്രണയമോ? നീതി തേടിയുള്ള സഹോദരന്റെ സെക്രട്ടേറിയറ്റ് സമരത്തിന് ഒരു വയസ്സ്

single-img
20 December 2016

ശ്രീജീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം

ശ്രീജീവിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം

തിരുവനന്തപുരം നെയ്യാറ്റിന്‍കര കുളത്തൂര്‍ വെങ്കടമ്പ് പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത് കൊലപാതകമാണെന്ന് സംസ്ഥാന പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെതിരെ ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം ഒരു വര്‍ഷം പിന്നിട്ടിട്ടും അധികൃതരുടെ അവഗണന തുടരുകയാണ്.

ശ്രീജീവിനെ കൊലപ്പെടുത്തിയ പോലീസിലെ കൊടുംക്രിമിനലുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് നീതി നടപ്പാക്കുകയെന്നതാണ് സത്യാഗ്രഹ സമരത്തിന്റെ ലക്ഷ്യം. അതിനായി കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ശ്രീജിത്ത് ആവശ്യപ്പെടുന്നു. സമരം ഇന്ന് 375 ദിവസം പിന്നിടുകയാണ്. അതായത് ഒരു വര്‍ഷവും പത്ത് ദിവസവും. 2014 മെയ് മാസം 21നാണ് പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് ശ്രീജീവ് മരിച്ചത്. ഒരു വര്‍ഷം മുമ്പത്തെ മോഷണക്കുറ്റത്തിന് അറസ്റ്റിലായ ഇയാള്‍ കസ്റ്റഡിയില്‍ വച്ച് വിഷം കഴിച്ചുവെന്നും തുടര്‍ന്ന് മരണം സംഭവിച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ മെയ് 19ന് അറസ്റ്റിലായ ഇയാളുടെ ശരീരമാസകലം ഇടിച്ചു ചതച്ച പാടുകളും വൃഷണങ്ങള്‍ പഴുത്ത് നീരുവന്ന് വീര്‍ത്ത നിലയിലുമായിരുന്നുവെന്നാണ് ജസ്റ്റിസ് കെ നാരായണ കുറിപ്പിന്റെ നേതത്വത്തിലുള്ള പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയത്. ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റി ഇക്കഴിഞ്ഞ മെയ് 17നാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

മരിച്ച ശ്രീജീവ്‌

മരിച്ച ശ്രീജീവ്‌

ഉത്തരവില്‍ ശ്രീജീവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ശരീരമാസകലം മരണകാരണമാകാവുന്ന ക്ഷതം ഏറ്റിരുന്നുവെന്നും വ്യക്തമാക്കിയിരിക്കുന്നു. കൂടാതെ ശ്രീജീവ് വിഷം കഴിച്ചെന്ന പോലീസിന്റെ വാദം പൊള്ളയാണെന്നും ഈ ഉത്തരവില്‍ പറയുന്നുണ്ട്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് ഇയാളെക്കൊണ്ട് ബലമായി വിഷം കഴിപ്പിച്ചതാണെന്നാണ് കണ്ടെത്തല്‍. ശ്രീജിഷിനെ മര്‍ദ്ദിച്ചത് അന്നത്തെ പാറശാല സിഐ ഗോപകുമാറും എഎസ്‌ഐ ഫിലിപ്പോസും ചേര്‍ന്നാണെന്നും ഇതിന് സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവരുടെ സഹായം ലഭിച്ചുവെന്നും പോലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തി. കൂടാതെ മരണവുമായി ബന്ധപ്പെട്ട് മഹ്‌സര്‍ തയ്യാറാക്കിയ എസ്‌ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായും തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഉത്തരവില്‍ ആവശ്യപ്പെടുന്നത്.

സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്ന് പറയുന്നതില്‍ കാര്യമുണ്ട്

ഇതിനായി കേസ് രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഉത്തരവിലെ ഒരു ആവശ്യം. ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ശ്രീജീവിന്റെ മാതാവിനും പരാതിക്കാരനായ സഹോദരനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവില്‍ ആവശ്യപ്പെടുന്നു. ഈ തുക കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും ഈടാക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന പോലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ ഈ ഉത്തരവ് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്നിന് സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരേക്കും ഇതിന്റെ അന്വേഷണം ആരംഭിക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. അതേസമയം സംസ്ഥാന പോലീസ് കേസ് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നാണ് ശ്രീജീവിന്റെ ബന്ധുക്കള്‍ പറയുന്നത്. ഇതിന് കാരണമായി അവര്‍ നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

88513a76-1c9d-47c0-9180-1e7c5dd23dbd

2013ല്‍ അതായത് അറസ്റ്റിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് നടന്ന ഒരു മോഷണക്കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞാണ് ശ്രീജീവിനെ 2014 മെയ് 19ന് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ മെയ് 12ന് അര്‍ദ്ധരാത്രിയോടെ എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസുകാര്‍ വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് കയറുകയും ശ്രീജീവിനെ തിരയുകയും ചെയ്തതായി ശ്രീജിത്ത് പറയുന്നു. എന്നാല്‍ ശ്രീജീവ് വീട്ടില്‍ ഇല്ലാത്തതിനാല്‍ മടങ്ങിയ പോലീസ് സംഘം പണമിടപാടുമായി ബന്ധപ്പെട്ട കേസിനാണ് ഇയാളെ തിരയുന്നത് എന്നാണ് അന്ന് പറഞ്ഞത്. പിന്നീട് 20-ാം തിയതി വീട്ടിലെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇവരുടെ വൃദ്ധയായ മാതാവിനോട് തലേന്ന് രാത്രി ഇയാളെ അറസ്റ്റ് ചെയ്‌തെന്നും ഉച്ചയോടെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുമ്പോള്‍ വന്ന് ജാമ്യത്തില്‍ ഇറക്കാമെന്നും പറഞ്ഞ് ഏതാനും പേപ്പറുകളില്‍ ഒപ്പ് വാങ്ങി. പിന്നീട് സഹോദരന്‍ ശ്രീജിത്തിനെ കണ്ട ഇതേ പോലീസുകാരന്‍ ശ്രീജീവ് ലോക്കപ്പിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും കുഴപ്പമൊന്നുമില്ലാതെ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയിലാണെന്നുമാണ് പറഞ്ഞത്.

ശ്രീജിത്ത് ചെല്ലുമ്പോള്‍ മെഡിക്കല്‍ കോളേജിന്റെ 21-ാം വാര്‍ഡിലെ 50-ാം നമ്പര്‍ ബെഡില്‍ കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ച നിലയിലായിരുന്നു ശ്രീജീവ്. മുഖത്ത് ഓക്‌സിജന്‍ മാസ്‌ക് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പലപ്പോഴും ഇയാള്‍ ഓക്‌സിജന്‍ സിലിണ്ടറിലേക്ക് കൈ ചൂണ്ടിയും കണ്ണുകള്‍ കൊണ്ട് എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുമുണ്ടായിരുന്നെങ്കിലും പോലീസുകാര്‍ അതിനെയെല്ലാം നിസാരവല്‍ക്കരിച്ചാണ് അവതരിപ്പിച്ചത്. ആശുപത്രിയിലെത്തിയത് ചികിത്സയ്ക്ക് എന്നതിനപ്പുറം ബന്ധുക്കള്‍ക്ക് മറ്റൊന്നും തോന്നിയതുമില്ല. കൂടാതെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ശ്രീജീവ് പോലീസ് സ്‌റ്റേഷനിലും ആശുപത്രിയിലും പലതും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും പോലീസുകാര്‍ ഇവരെ വിശ്വസിപ്പിച്ചു. എന്നാല്‍ പിറ്റേന്ന് ആശുപത്രി അധികൃതര്‍ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് ശേഷം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നാണ് ശ്രീജീവിനെ അറസ്റ്റ് ചെയ്തത് മോഷണക്കേസിനാണെന്ന് ബന്ധുക്കള്‍ അറിയുന്നത്. ഉയര്‍ന്ന തോതില്‍ ഇയാളിലേക്ക് ഓക്‌സിജന്‍ പ്രവഹിച്ച് ആശുപത്രി അധികൃതരും മരണം ഉറപ്പാക്കാന്‍ പോലീസിനെ സഹായിച്ചുവെന്നാണ് ബന്ധുക്കളുടെ സംശയം. പലതും പുറത്തുവരാതിരിക്കാന്‍ പോലീസിന് ഇയാളുടെ മരണം ഉറപ്പാക്കേണ്ടതുണ്ടായിരുന്നുവെന്ന് വേണം സംശയിക്കാന്‍. പോലീസിലെ തന്നെ ഉദ്യോഗസ്ഥര്‍ പ്രതികളായതിനാലാണ് സംസ്ഥാന പോലീസ് അന്വേഷിച്ചാല്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഈ കുടുംബം ആവശ്യപ്പെടുന്നത്.

d014f64e-5215-4b40-af45-0e97ad4d315a
പോലീസിന്റെ പകയ്ക്ക് പിന്നില്‍ സിനിമയെ വെല്ലുന്ന കഥ

ഒരു വര്‍ഷം മുമ്പ് നടന്ന മോഷണക്കേസാണ് അറസ്റ്റിന് പിന്നിലെന്നത് വെറും കെട്ടുകഥയാണെന്ന് പിന്നീട് തെളിഞ്ഞു. ഇതിന് പിന്നിലെ യഥാര്‍ത്ഥ സംഭവം ഒരു പ്രണയകഥയാണ്. ശ്രീജീവും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് പോലീസിനെ ഇത്ര നിഷ്ഠൂരമായ ഒരു പ്രവര്‍ത്തിയിലേക്കെത്തിച്ചത് എന്നാണ് പിന്നീട് തെളിഞ്ഞത്. ശ്രീജീവ് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയാകട്ടെ പൂവാര്‍ സ്റ്റേഷനില്‍ എഎസ്‌ഐയായിരുന്ന ഫിലിപ്പോസിന്റെ ബന്ധുവാണ്. ശ്രീജീവ് അറസ്റ്റിലായതിന് പിറ്റേദിവസം വീട്ടുകാര്‍ പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ബലമായി വിവാഹം ഉറപ്പിച്ചെങ്കിലും രണ്ടുപേരും കൂടി ഒളിച്ചോടുമെന്നോ അല്ലെങ്കില്‍ ശ്രീജീവിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നോ വീട്ടുകാര്‍ ഭയന്നിരുന്നു. ഈ സംശയമാണ് അതിനീചമായ ഒരു കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം പറയുന്നത്.

മോഷണം നടന്നുവെന്ന് പറയുന്ന 2013ന് ഒരു വര്‍ഷം കഴിഞ്ഞ് നടത്തിയ അറസ്റ്റ് തന്നെ നിഗൂഢമാണ്. ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദകളൊന്നും ഇവിടെ പാലിക്കപ്പെട്ടിരുന്നില്ല. ആരുമറിയാതെ രഹസ്യമായി കസ്റ്റഡിയിലെടുക്കുകയായിരുന്നത്രേ. കൂടാതെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്ന വിഷം ശ്രീജീവ് ലോക്കപ്പിനുള്ളില്‍ വച്ച് കഴിച്ചുവെന്നാണ് പോലീസിന്റെ മറ്റൊരുവാദം. എന്നാല്‍ രാത്രി 11.30ന് നടുറോഡില്‍ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട ശ്രീജീവ് അടിവസ്ത്രത്തില്‍ വിഷവും ഒളിപ്പിച്ച് നടക്കുകയായിരുന്നോയെന്ന ചോദ്യം ഇവിടെ ഉയരുന്നു. അതോ പോലീസ് കസ്റ്റഡിയില്‍ ആയതോടെ ശ്രീജീവ് വിഷം എടുത്ത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ശേഷം സ്റ്റേഷനിലെത്തിയോ? സെല്ലിലടയ്ക്കും മുമ്പ് ഏതൊരു പ്രതിയുടെയും ദേഹപരിശോധന നടത്തുന്ന പതിവുണ്ട്. ശ്രീജീവിനെയും ഇത്തരത്തില്‍ പരിശോധന നടത്തിയതായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്ന് രാത്രി ജനറല്‍ ഡയറി ചാര്‍ജ്ജുണ്ടായിരുന്ന മോഹനന്റെ റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാണ്. ‘ഞങ്ങളുടെ മുന്നില്‍ വച്ച് അവന്‍ ധരിച്ച വസ്ത്രങ്ങളെല്ലാം ഊരി മാറ്റി. പിന്നീട് ജെട്ടി മാത്രം താഴോട്ട് ആക്കി ഇരിക്കാന്‍ പറഞ്ഞ ശേഷം വീണ്ടും ജെട്ടി നേരെ ഇട്ടശേഷമാണ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചത്’- എന്നാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

ed508ee7-e21e-4928-a84a-03191c562d55

ഒരു വലിയ ഗൂഢാലോചനയും വഞ്ചനയുമാണ് ഈ കേസില്‍ നടന്നിരിക്കുന്നതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാണ്. ശ്രീജീവിന്റെ മരണത്തോടെ ഒരു ദരിദ്ര കുടുംബം അപ്പാടെ തകര്‍ന്നിരിക്കുകയാണ്. 1991ല്‍ കൂലിപ്പണിക്കാരനായിരുന്ന അച്ഛന്‍ ശ്രീധരന്‍ മരിച്ച ശേഷം അമ്മ രമണി ഏറെ കഷ്ടപ്പെട്ടാണ് നാല് മക്കളെ വളര്‍ത്തിയത്. ഇതില്‍ ഏറ്റവും ഇളയ പെണ്‍കുട്ടിയുടെ വിവാഹം ശ്രീജീവിന്റെ മരണത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. സഹോദരന്റെ മരണത്തോടൊപ്പം അടിച്ചേല്‍പ്പിക്കപ്പെട്ട മോഷണക്കുറ്റം ഇവരുടെ ജീവിതത്തെ തകര്‍ത്തിരിക്കുകയാണ്. മൂത്ത സഹോദരനായ ശ്രീജുവിനെ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ച് അധികം വൈകാതെ ഒരു ടിപ്പര്‍ ഇടിച്ച് തെറിപ്പിക്കുകയും ഇപ്പോഴും കാലിന് സ്വാധീന പ്രശ്‌നവുമായി ജീവിക്കുകയുമാണ്. ഈ അപകടത്തിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നാണ് ശ്രീജിത്ത് പറയുന്നത്.

ഒരു മകന്‍ മരിക്കുകയും ഒരു മകന്‍ രോഗിയാകുകയും മറ്റൊരു മകന്‍ നീതിക്കായി സമരം ചെയ്യുകയും ചെയ്യുമ്പോള്‍ ഇവിടെ ഒരമ്മ നീതിക്കായി പ്രാര്‍ത്ഥിക്കുകയാണ്. മകന്റെ കൊലപാതകത്തിന് പിന്നിലെ എല്ലാ സത്യങ്ങളും പുറത്തുവരുന്നതും പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ ലഭിക്കുന്നതും കാത്ത്.

f565d1bf-ec84-4976-98c5-e44d90b6fe1e