മഞ്ചേരി മെഡിക്കല്‍ കോളേജിലും റാഗിംഗ്; വിദ്യാര്‍ത്ഥികളെ തുണിയഴിച്ച് നിര്‍ത്തിച്ചു; 21 മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

single-img
20 December 2016

stop-ragging

നാട്ടകം പോളിടെക്‌നിക് കോളേജിന് പിന്നാലെ മഞ്ചേരി മെഡിക്കല്‍ കോളേജിലും റാഗിംഗ് റിപ്പോര്‍ട്ട് ചെയ്തു. ആദ്യവര്‍ഷ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത 21 മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതായി കോളേജ് അധികൃതര്‍ അറിയിച്ചു.

അതേസമയം സംഭവത്തെക്കുറിച്ച് കോളേജ് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളായ 42 പേര്‍ സംയുക്തമായി പ്രിന്‍സിപ്പല്‍ എം മോഹന് നല്‍കിയ പരാതിയിലാണ് നടപടി. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ തങ്ങളെ നിര്‍ബന്ധിച്ച് തുണിയഴിപ്പിച്ച് നിര്‍ത്തിയ ശേഷം ആശുപത്രിയോട് ചേര്‍ന്നുള്ള ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ടോയ്‌ലറ്റുകള്‍ വൃത്തിയാക്കിച്ചതായി പരാതിയില്‍ പറയുന്നു. കൂടാതെ ടോയ്‌ലറ്റില്‍ നിന്നുള്ള വൃത്തിയില്ലാത്ത വെള്ളം ഇവരെ ഭീഷണിപ്പെടുത്തി കുടിപ്പിച്ചതായും പരാതിയുണ്ട്.

മൂന്ന് പ്രൊഫസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുക. റാഗിംഗ് വിരുദ്ധ സെല്ലും ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മറ്റ് നടപടികളെല്ലാം അതിന് ശേഷമായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഏതെങ്കിലും കോളേജില്‍ നിന്നും തുടര്‍ച്ചയായി റാഗിംഗ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അഫിലിയേഷന്‍ നഷ്ടമാകും. റാഗിംഗ് തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാത്തതിന് കോളേജ് വന്‍തുക പിഴയായി അടയ്‌ക്കേണ്ടിയും വരും.

നാട്ടകം ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ ഈമാസം പന്ത്രണ്ടിനാണ് റാഗിംഗ് നടന്നത്. മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ ക്രൂരമായ പീഡനത്തെ തുടര്‍ന്ന് രണ്ട് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.