കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയായി വര്‍ദ്ധിപ്പിച്ചു; ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ സമരത്തിലേക്ക്

single-img
20 December 2016

thiruvananthapuram-bus-stand
തിരുവനന്തപുരം: കെഎസ്ആര്‍ടിസി വീണ്ടും ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ് 6 രൂപയില്‍ നിന്ന് 7 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. ജനുവരി മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരുമെന്നാണ് സൂചന. 2014 മെയ് 20നാണ് അവസാനമായി നിരക്ക് കൂട്ടിയത്. അന്ന് ഓര്‍ഡിനറി ബസുകളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയില്‍ നിന്നും ഏഴു രൂപയായാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വില കുറഞ്ഞതിനെത്തുടന്ന് കെഎസ്ആര്‍ടിസിയുടെ മിനിമം ചാര്‍ജ് പിന്നീട് ആറു രൂപയായി കുറയ്ക്കുകയും ചെയ്തു.

ചാര്‍ജ് കൂട്ടിയതിലൂടെ ആറേകാല്‍ കോടി രൂപയുടെ വരുമാനം കൂടുതല്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം മിനിമം ചാര്‍ജ് 9 രൂപയാക്കി ഉയര്‍ത്തണമെന്ന സ്വകാര്യ ബസ്സുടമകളുടെ ആവശ്യം മന്ത്രിസഭാ യോഗം തള്ളി. ഇന്ധന വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനാകില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതേതുടര്‍ന്ന് ജനുവരി മുതല്‍ സര്‍വീസ് നിര്‍ത്തി വച്ചുള്ള സമരം ആരംഭിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. പെട്രോള്‍ വില കുറച്ചപ്പോള്‍ കെഎസ്ആര്‍ടിസി ബസ് ചാര്‍ജ്ജ് കുറച്ചെങ്കിലും സ്വകാര്യ ബസുകള്‍ അതിന് തയ്യാറായിരുന്നില്ല.

മിനിമം ചാര്‍ജ് ഒമ്പത് രൂപയാക്കുക, കണ്‍സഷന്‍ നിരക്കില്‍ വര്‍ധന വരുത്തുക, കിലോമീറ്റര്‍ ചാര്‍ജ് കൂട്ടുക എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്. ജനുവരി രണ്ടാം വാരം മുതല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ മാസം 16 നാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പെട്രോളിന് 2.21 രൂപയും ഡീസലിന് 1.79 രൂപയുമാണ് വര്‍ധിപ്പിച്ചത്

അതേ സമയം സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ആറായിരം താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജീവനക്കാരുടെ എണ്ണംകുറയ്ക്കണമെന്ന സുശീല്‍ഖന്ന റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് നീക്കം. 10,000 സ്ഥിരംജീവനക്കാരെ പിരിച്ചുവിടണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദേശം. സ്ഥിരംജീവനക്കാരെ പിരിച്ചുവിടുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്നതിനാലാണ് താത്കാലിക ജീവനക്കാര്‍ക്കെതിരെ നടപടിക്ക് തീരുമാനിച്ചത്.

നിലവില്‍ 9,800 എം. പാനല്‍ ജീവനക്കാര്‍ കോര്‍പ്പറേഷനുകീഴിലുണ്ട്. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പോളിസി എന്നിവയെല്ലാം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ ചെലവുനിയന്ത്രണം മുഖ്യ അജണ്ടയാക്കി മുന്നോട്ടുപോകാനാണ് കോര്‍പ്പറേഷന്റെ നീക്കം. കോര്‍പ്പറേഷന്‍ സ്ഥിരപ്പെടത്തുമെന്ന പ്രതീക്ഷയില്‍ ജോലിയില്‍ തുടര്‍ന്നവരാണ് ഇതോടെ വെട്ടിലായത്. ഇതിനിടെ കണ്ടക്ടര്‍ നിയമനം നടത്തുന്നതിനായി 4,000 പേര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്.