കസ്റ്റഡിയിലെടുത്ത നദീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി; അറസ്റ്റ് രാജ്യദ്രോഹക്കുറ്റം ചുമത്തി

single-img
20 December 2016

 

nadeer

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ആറളം പോലീസ് കസ്റ്റഡിയിലെടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിന്റെ(27) അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് എകരൂല്‍ ഉണ്ണികുളം കോളോത്തുപറമ്പില്‍ നദി എന്ന് അറിയപ്പെടുന്ന നദീറിനെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇന്നലെ കസ്റ്റഡിയിലെടുത്ത നദിയുടെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും അറസ്റ്റ് ചെയ്ത നദിയെ ആറളം ആദിവാസി കോളനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോളനിയില്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം നദീറും എത്തിയതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

ആറളം കോളനിയില്‍ സായുധരായ ഏഴ് മാവോയിസ്റ്റുകള്‍ ‘കാട്ടുതീ’ എന്ന ലഘുലേഖ വിതരണം ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. ഇതില്‍ നാല് പേരെയാണ് തിരിച്ചറിഞ്ഞിരുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കമല്‍ സി ചവറയെ കാണാനെത്തിയപ്പോഴാണ് നദീറിനെ കസ്റ്റഡിയിലെടുത്തത്.

നോവലിലും ഫേസ്ബുക്ക് പേജിലും ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് നേരത്തെ കമല്‍ സി ചവറയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.