നോട്ടു നിരോധനം ; നോട്ടുകള്‍ ബാങ്കുകളില്‍ നിഷേപിക്കുന്നതിന് ഡിസംബര്‍ 30 വരെ നിയന്ത്രണം

single-img
19 December 2016

rupee-2000-notes

ന്യൂഡല്‍ഹി :അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും കടുത്ത നിയന്ത്രണവുമായി കേന്ദ്രധനമന്ത്രാലയം. പഴയനോട്ടുകള്‍ 5000 രൂപയില്‍ കവിഞ്ഞുള്ള തുക ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയുകയുള്ളൂവെന്നും പിന്‍വലിക്കുന്നത് വലിയ തുകയെങ്കില്‍ വിശദീകരണം നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയില്‍ കൂടുതലുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒരിക്കല്‍ മാത്രമേ അക്കൗണ്ടിലിടാനാകൂ. നിലവില്‍ അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയിരുന്നില്ല. പഴയ നോട്ടുകളടക്കം എത്ര രൂപ വേണമെങ്കിലും അക്കൗണ്ടിലിടാമായിരുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തയിരിക്കുന്നത്.

5000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇത്രയും നാളും എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നതെന്ന വിശദീകരണം നല്‍കേണ്ടിവരും. ഇത് തൃപ്തിപ്പെടുത്തുന്നതാണെങ്കില്‍ മാത്രമേ പണം അക്കൗണ്ടില്‍ നിക്ഷേപിക്കൂ. കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ച അക്കൗണ്ടുകളില്‍ മാത്രമേ ഇത്തരത്തില്‍ പണം ഇടാനാകൂവെന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. സംശയമുണ്ടെങ്കില്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

എന്നാല്‍ സ്വകാര്യ–പൊതുമേഖല–സഹകരണ ബാങ്കുകള്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കും. ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. ഡിസംബര്‍ 16ന് കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന വഴി പണം നിക്ഷേപിക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.