പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടികൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു, പോലീസിന്റെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ല:വിമര്‍ശനവുമായി വി.എസ്

single-img
19 December 2016

vs-achuthanandan_1

തിരുവനന്തപുരം: ബീച്ചില്‍ കുടുംബസമ്മേതം വിശ്രമിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്ന് ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

ഒന്നര വയസുള്ള കുഞ്ഞിനെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയും അതിക്രൂരമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല. പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്.

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദനോപാധിയല്ല കേരളാ പൊലീസ് എന്ന് പൊലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു. ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പൊലീസ്.

നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നിട്ടുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പൊലീസ് പറയുന്നത്.ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂവെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.