മക്കളുടെ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ മാതാപിതാക്കളില്‍ ഒരാളുടെ പേരു മതിയെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
19 December 2016

emigration_images2

ന്യൂഡല്‍ഹി: മക്കള്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുമ്പോള്‍ മാതാപിതാക്കളില്‍ ഒരാളുടെ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍. വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹമോചനം നേടിയ സ്ത്രീകള്‍ മക്കളുടെ പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ രാജ്യത്തെ വിവിധ പാസ്പോര്‍ട്ട് ഓഫിസുകളില്‍നിന്നു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

നിയമപ്രകാരം മാതാപിതാക്കളില്‍ ആരുടെയെങ്കിലും ഒരാളുടെ പേര് അപേക്ഷാഫോറത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ കാര്യത്തില്‍ മാതാവും പിതാവുമോ അല്ലെങ്കില്‍ രക്ഷകര്‍ത്താവോ വെള്ളപ്പേപ്പറില്‍ അനെക് ഷര്‍എച്ച് ഒപ്പിട്ടു നല്‍കണം. മാതാപിതാക്കളില്‍ ഒരാളുടെ സമ്മതം ഇല്ലെങ്കില്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ സത്യവാങ്മൂലം സമര്‍പ്പിക്കണം. എന്നാല്‍ വിവാഹിതര്‍ അവരുടെ ഭര്‍ത്താവിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കണം.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 58,000ത്തിലേറെ ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കു പോകാനായി ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കി. 2014 സെപ്റ്റംബര്‍ മുതല്‍ 58,163 പേര്‍ക്കാണു ഗള്‍ഫിലേക്കു ക്ലിയറന്‍സ് നല്‍കിയത്. സൗദി അറേബ്യയിലും ബഹ്റൈനിലും യുഐഇയിലും ഇന്ത്യക്കാര്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് ഇന്ത്യന്‍ എംബസികള്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്. ഇത് അതത് രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറും.

ഇസിആര്‍ ആവശ്യമായ രാജ്യങ്ങളിലേക്ക് കുടിയേറുന്ന നഴ്സുമാര്‍ ഒഴികെ ഇസിആര്‍ പാസ്പോര്‍ട്ടുള്ള സ്ത്രീകള്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള പ്രായപരിധി 30 ആക്കി നിശ്ചിയിച്ചിട്ടുണ്ട്. 1983ലെ ഇമിഗ്രേഷന്‍ നിയമപ്രകാരം ഇസിആര്‍ ആവശ്യമായ 18 രാജ്യങ്ങളിലേക്കു പോകുന്നവര്‍ പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്റ്സ് ഓഫീസില്‍നിന്ന് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് വാങ്ങിയിരിക്കണം. രാജ്യത്ത് 2012 മുതല്‍ ഡിസംബര്‍ അഞ്ചുവരെ റിക്രൂട്ടിങ് ഏജന്റുമാര്‍ക്കെതിരേ 1121 പരാതികള്‍ ലഭിച്ചു. 973 എണ്ണം തുടര്‍നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്കു കൈമാറി.