നീ ആദിവാസി സ്ത്രീയെ അല്ലേ കെട്ടിയതെന്ന് കമല്‍ സി ചവറയോട് എസ്‌ഐയുടെ ചോദ്യം; ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു

single-img
19 December 2016

kamal-759-1

നോവലിലും ഫേസ്ബുക്കിലും ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത കമല്‍ സി ചവറയ്‌ക്കെതിരെ എസ്‌ഐയുടെ ഭീഷണിയും ജാതി അവഹേളനവും. ഇടിച്ച് നട്ടെല്ലൊടിക്കാനാണ് ഞാന്‍ വന്നതെന്നും നീ ഒരു ആദിവാസി സ്ത്രീയെ അല്ലെ കെട്ടിയതെന്നുമാണ് എസ്‌ഐ രജീഷ് തന്നോട് ചോദിച്ചതെന്ന് കമല്‍ പറയുന്നു.

ശ്മനാങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലെ ചില ഭാഗങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതു കൊണ്ടാണ് രജീഷ് സര്‍ ജീപ്പും പിടിച്ച് ഇവിടെ വന്നതെന്ന് പറഞ്ഞാല്‍ താന്‍ വിശ്വസിക്കില്ലെന്നും ഇദ്ദേഹം അറിയിച്ചു. സാറ് പറഞ്ഞത് ഇടിച്ച് നട്ടല്ലൊടിക്കാനാണ് ഞാന്‍ വന്നത് എന്നാണ്. എന്നാല്‍ നിനക്ക് വയ്യാത്തത് കൊണ്ട് ഞാന്‍ വെറുതെ വിടുന്നു. ആദിവാസി സ്ത്രീയെ അല്ലേ നീ കെട്ടിയത്. അത് എസ്‌സി, എസ്ടി അവഹേളനമല്ലേയെന്നും കമല്‍ ചോദിക്കുന്നു. കേരളത്തില്‍ ഇതും നടക്കും ഇതില്‍ അപ്പുറവും നടക്കുമെന്നും കമല്‍ ജാമ്യം ലഭിച്ചതിന് ശേഷം പോലീസ് സ്‌റ്റേഷനില്‍ വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷമ്മി തിലകന്റെ ഒരു ക്യാരക്ടര്‍ ഉണ്ടല്ലോ സിനിമേല്.. സാറ് അതിന് പഠിക്കാണെന്ന് തോന്നുന്നു. കൂടാതെ താനൊരു സൈക്യാട്രി രോഗിയാണെന്നും രാവിലെ എട്ട് മണിക്ക് തലവേദന കൂടി എരഞ്ഞിപ്പാലത്ത് സുരേഷ്‌കുമാര്‍ ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് തീവ്രവാദികളെ അറസ്റ്റ് ചെയ്യുന്നപോലെ നാല് ചുറ്റും തടഞ്ഞ് തന്നെ അറസ്റ്റ് ചെയ്തത്. ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ഹാജരാകുമെന്നും ഇദ്ദേഹം പറയുന്നു.

താന്‍ ഒളിച്ചു നടന്നതല്ലെന്നും ഭാര്യ മെഡിക്കല്‍ കോളേജില്‍ പ്രസവിച്ചിട്ട് ഇന്നലെയാണ് വീട്ടിലേക്ക് പോയത്. കൂടാതെ താന്‍ ഇപ്പോള്‍ താമസിക്കുന്ന കുന്നമംഗലം പൊലീസില്‍ അറിയിക്കാതെയാണ് തന്നെ കരുനാഗപ്പള്ളി പോലീസ് അവിടെ നിന്നും അറസ്റ്റ് ചെയ്തത്.

ഇതിനിടെ കമല്‍ സി ചവറയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച സുഹൃത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെ മഫ്തിയിലെത്തിയ പോലീസുകാര്‍ നദിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം മറ്റൊരു കേസിന്റെ കാര്യത്തിന് നദിയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും കരുതല്‍ തടങ്കല്‍ മാത്രമാണെന്നുമാണ് പോലീസ് പറയുന്നത്.