ഞാന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് നടി ഭാവന; പ്രചരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും

single-img
19 December 2016

bhavana
വിവാഹിതയാകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്ന് ഭാവന. എല്ലാ മാസവും തന്റെ പേരില്‍ വിവാഹവാര്‍ത്ത പ്രചരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറുകയാണെന്നും ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ അതിന്റെ സത്യാവസ്ഥ പോലും മനസ്സിലാക്കാതെ ഒരുപാട് പേര്‍ തന്നെ വിളിച്ച് വിവാഹക്കാര്യം അന്വേഷിക്കുന്നെന്നും ഭാവന പറഞ്ഞു.

തന്നെ മാത്രമല്ല ഒരു കുടുംബത്തെ മുഴുവനാണ് ഇത്തരം വാര്‍ത്തകളിലൂടെ ഇവര്‍ വേദനിപ്പിക്കുന്നതെന്നും ഒരാളെ ഇത്രമാത്രം വേദനിപ്പിക്കാന്‍ മാത്രം എന്ത് തെറ്റാണ് ചെയ്തതെന്നും ഭാവന ചോദിക്കുന്നു. അതേസമയം ഒരാളുമായി താന്‍ അഞ്ച് വര്‍ഷമായി പ്രണയത്തിലാണെന്നും അത് തന്റെ വീട്ടുകാര്‍ക്കും അറിയാവുന്ന കാര്യമാണെന്നും ഭാവന തുറന്നു പറഞ്ഞു.

അയാളെ തന്നെ വിവാഹം കഴിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഭാവന പറഞ്ഞു. വിവാഹം എന്നത് വലിയൊരു വാര്‍ത്തയായി ആഘോഷിക്കാനില്ലെന്നും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് നടത്തുന്ന ചടങ്ങായിരിക്കും തന്റെ വിവാഹമെന്നും ഭാവന വെളിപ്പെടുത്തി.