അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട്: ഗാന്ധി കുടുംബത്തിന് ഒരു രൂപ പോലും കൈക്കൂലി നല്‍കിയിട്ടില്ല; കോണ്‍ഗ്രസിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം ചെലുത്തുന്നെന്നും ഇടനിലക്കാരന്‍

single-img
19 December 2016

agustawestland_chopper_deal

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ചോപ്പര്‍ അഴിമതി കേസില്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നെന്ന് ഇടനിലക്കാരന്‍ ജെയിംസ് ക്രിസ്റ്റിയന്‍ മിഷേലിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് ടെലഫോണ്‍ വഴി നല്‍കിയ അഭിമുഖത്തിലാണ് 3,546 കോടിയുടെ ഇടപാടിലെ ഇടനിലക്കാരന്‍ വരുംദിവസങ്ങളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.

താന്‍ ഗാന്ധി കുടുംബത്തിന് ഒരു രൂപ പോലും കൈക്കൂലിയായി നല്‍കിയിട്ടില്ലെന്നും ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് മിഷേലിന്റെ പേര് ഇടപാടില്‍ ഉള്‍പ്പെടുത്തിയത്. സിബിഐയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഈവര്‍ഷം ആദ്യം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരിന്നു. മിഷേലിന്റെ കമ്പനിയ്ക്ക് ഇന്ത്യയിലുള്ള സ്വത്തുക്കളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയെങ്കിലും ഇതുവരെയും അവര്‍ക്ക് ഇദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവിഐപികള്‍ക്കുള്ള ഹെലികോപ്റ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് നടന്ന ഇടപാടില്‍ 411 കോടിയുടെ കോഴ നടന്നുവെന്നാണ് കേസ്. ഇതില്‍ ഏറിയ പങ്കും ഇന്ത്യയിലെ ഒരു പ്രമുഖരാഷ്ട്രീയ കുടുംബത്തിന് ലഭിച്ചുവെന്നാണ് ഇടനിലക്കാരുടെ ഡയറി കുറിപ്പുകള്‍ ഉദ്ദരിച്ച് സിബിഐ ആരോപിക്കുന്നത്. യുപിഎയും കോണ്‍ഗ്രസിനെയും നയിക്കുന്ന ഗാന്ധി കുടുംബത്തിലേക്കാണ് അന്വേഷണ ഏജന്‍സികളുടെ സൂചനകള്‍ നീളുന്നത്.

കഴിഞ്ഞ രണ്ട് മാസമായി സിബിഐ അധികൃതര്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. പ്രതിപക്ഷത്തിനെതിരെ മൊഴി നല്‍കണമെന്നാ് ആവശ്യം എന്നാല്‍ താന്‍ ചെയ്യാത്ത കാര്യമാണ് മൊഴിയായി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നത്. മാധ്യമങ്ങളെ സ്വാധീനിക്കുന്നതിന് ഉള്‍പ്പെടെ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് മിഷേലിന് 330 കോടി രൂപ കൊടുത്തെന്ന് മിലാനിലെ അപ്പീല്‍ കോടതി കണ്ടെത്തിയിരുന്നു. അതേസമയം ഈ ഉത്തരവിനെതിരെ ഇറ്റലിയിലെ പരമോന്നത കോടതി വെള്ളിയാഴ്ച അപ്പീല്‍ അനുവദിച്ചിട്ടുണ്ട്. തൊണ്ണൂറ് ദിവസത്തിനുള്ളില്‍ ഈ അപ്പീലില്‍ തീരുമാനമാകും.

മിലാന്‍ കോടതിയില്‍ രഹസ്യ വിചാരണയാണ് നടന്നതെന്നും അതില്‍ തെളിവുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മഷേല്‍ പറയുന്നു. അപ്പീല്‍ അനുവദിച്ചുള്ള സുപ്രിംകോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറ്റാലിയന്‍ അന്വേഷണ സംഘം ഇദ്ദേഹത്തെ മുഖ്യപ്രതികളില്‍ ഒരാളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മിഷേല്‍ ദുബായിലാണ് താമസിക്കുന്നത് എന്നതിനാല്‍ പൂര്‍ണമായും അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല.

ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ സര്‍വീസ് എഫ്ഇസഡ്ഇ എന്ന സ്ഥാപനം ഇന്ത്യയിലുള്ള പ്രതികള്‍ക്ക് കൈക്കൂലി പണം കൈമാറിയെന്നാണ് കണ്ടെത്തല്‍. ഇടപാടിലെ മറ്റൊരു ഇടനിലക്കാരനായിരുന്ന ഹാഷ്‌കെയ്ക്ക് നല്‍കിയത് പോലെ തന്റെ പേരിലുള്ള റെഡ് കോര്‍ണര്‍ നോട്ടീസ് റദ്ദാക്കിയാല്‍ ഇന്ത്യയിലെത്തി സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാമെന്നാണ് മിഷേല്‍ പറയുന്നത്.