ശശികല തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകണമെന്ന് പ്രമേയം; ജയയുടെ മണ്ഡലത്തില്‍ തന്നെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ആവശ്യം

single-img
19 December 2016

 

jaya-sasikala

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ തോഴി ശശികല മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ പോഷക സംഘടനയായ ‘ജയലളിത പേരവൈ’ പ്രമേയം പാസാക്കി. ജയയുടെ മണ്ഡലമായിരുന്ന ആര്‍.കെ നഗറില്‍നിന്ന് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം റവന്യു മന്ത്രിയും ‘പേരവൈ’ സംസ്ഥാന സെക്രട്ടറിയുമായ ആര്‍.ബി ഉദയകുമാര്‍ പോയസ് ഗാര്‍ഡനില്‍ പോയി ശശികലയ്ക്കു കൈമാറി.

ജയലളിതയുടെ അന്ത്യവിശ്രമ സ്ഥലമായ മറീനയില്‍ ചേര്‍ന്ന യോഗത്തിലാണു സംഘടന പ്രമേയം പാസാക്കിയത്. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനന്‍, മന്ത്രിമാരായ കാടാമ്പൂര്‍ രാജു, സേവൂര്‍ എസ്. രാമചന്ദ്രന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം, ലോക്‌സഭാ ഡപ്യൂട്ടി സ്പീക്കര്‍ എം. തമ്പിദുരൈ തുടങ്ങിയവരും പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ശശികലയോട് അഭ്യര്‍ഥിച്ചിരുന്നു.

എന്നാല്‍ ഇവരൊന്നും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല. നേരത്തെ, മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ജയലളിത തന്നെയാണു വഹിച്ചിരുന്നത്.