നാട്ടകം പോളിടെക്‌നിക്കില്‍ റാഗിംഗ്; ദളിത് വിദ്യാര്‍ത്ഥിയുടെ കിഡ്‌നി തകരാറില്‍; അറസ്റ്റിലായ അഞ്ച് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
19 December 2016
തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശ്‌

തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അവിനാശ്‌

കോട്ടയം: നാട്ടകം പോളിടെകിനികില്‍ റാഗിംഗിനിരയായ ദളിത് വിദ്യാര്‍ത്ഥി ഒ എസ് അവിനാശിന്റെ കിഡ്‌നി തകരാറിലായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. തൃശൂര്‍ മദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ചേരനെല്ലൂര്‍ സ്വദേശിയായ ഷൈജു ഡി ഗോപിനാഥ് എന്ന മറ്റൊരു വിദ്യാര്‍ത്ഥി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഇരുവരുടെയും പരാതിയിന്മേല്‍ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്ത പോലീസ് അഞ്ച് പേരെ ഇന്ന് രാവിലെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് ചെങ്ങനാശേരി പോലീസ് അറിയിച്ചു. തങ്ങളും മറ്റ് എട്ട് വിദ്യാര്‍ത്ഥികളും ഡിസംബര്‍ രണ്ടിന് രാത്രിയില്‍ ക്രൂരമായ റാഗിംഗിന് വിധേയരായി എന്നാണ് അവിനാശിന്റെ പരാതിയില്‍ പറയുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഇവരെ നഗ്നരാക്കി നിര്‍ത്തിയ ശേഷം മണിക്കൂറുകളോളം കഠിനമായ വ്യായാമങ്ങള്‍ ചെയ്യിക്കുകയായിരുന്നു.

വ്യായമത്തിന്റെ കാഠിന്യം മൂലം മൈഗ്ലോബിന്‍ എന്ന പ്രോട്ടീന്‍ അവിനാശിന്റെ ശരീരത്തില്‍ രൂപപ്പെടുകയും അത് കിഡ്‌നിയെ തകരാറിലാക്കുകയും ചെയ്യുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നാല് തവണ രക്തശുദ്ധീകരണത്തിന് വിധേയനാക്കിയ വിദ്യാര്‍ത്ഥിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഠിനമായ വ്യായാമ മുറകള്‍ക്കിടെ ചില വിദ്യാര്‍ത്ഥികള്‍ നിലത്ത് വീണെങ്കിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ ഇവരെ പോകാന്‍ അനുവദിച്ചില്ലെന്നും അവിനാശിന്റെ പരാതിയില്‍ പറയുന്നു. പുലര്‍ച്ചെ വരെ പീഡനങ്ങള്‍ തുടര്‍ന്നു.

ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് അവിനാശ് തൃശൂരിലെ വീട്ടിലേക്ക് മടങ്ങിയത്. ഡിസംബര്‍ 15നാണ് അവിനാശിന്റെ പിതാവ് സുഹൃത്തുക്കളില്‍ നിന്നും കോളേജിലെ റാഗിംഗിനെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. നിര്‍ദ്ദന കുടുംബാംഗമായ അവിനാശിന്റെ കുടുംബം അച്ഛന്റെ ചെറിയ ജോലിയില്‍ നിന്നുള്ള വരുമാനത്തിലാണ് ഉപജീവനം നടത്തുന്നത്. ആശുപത്രി ചെലവുകള്‍ വഹിക്കാനുള്ള സാമ്പത്തിക ശേഷി ഈ കുടുംബത്തിന് ഇല്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും അവിനാശിന്റെ പിതാവ് ഒ പി ശിവദാസന്‍ ആവശ്യപ്പെട്ടു.

എറണാകുളം സ്വദേശികളായ സരണ്‍, ജെറിന്‍, ഇടുക്കി സ്വദേശി ജയപ്രകാശ്, തിരുവനന്തപുരം സ്വദേശി മനു, തൃശൂര്‍ സ്വദേശി റെയ്‌സണ്‍ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സ്വദേശികളായ പ്രവീണ്‍, നിഥിന്‍, കോട്ടയം സ്വദേശി അഭിലാഷ് എന്നിവര്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.