ഇനി ഇന്ധനമടിക്കാന്‍ ആധാര്‍നമ്പര്‍ മതി:ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം വരുന്നു

single-img
18 December 2016

 

hike111
ന്യൂഡല്‍ഹി:ഇന്ധനമടിക്കാന്‍ ആധാര്‍ നമ്പര്‍ ഓര്‍ത്തിരുന്നാല്‍ മാത്രം മതി.പണമോ കാര്‍ഡോ മൊബൈല്‍ ഫോണോ കൈയ്യില്‍ കരുതണമെന്നില്ല,ഇന്ധനമടിക്കുമ്പോള്‍ പണം നല്‍കുന്നത് എളുപ്പമാക്കാന്‍ ആധാര്‍ അധിഷ്ഠിത പണം കൈമാറ്റ സംവിധാനം ഉടന്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക് മാര്‍ഗങ്ങള്‍ വശമില്ലാത്തവരെ കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.

പെട്രോള്‍പമ്പിലെ ആധാര്‍ തിരിച്ചറിയല്‍ ഉപകരണത്തില്‍ വിരലടയാളം പതിപ്പിച്ചാണ് പണം കൈമാറ്റം സാധ്യമാക്കുക. ഇതോടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആവശ്യമായ തുക പമ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റാനാകും. ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനോടാണ് ഇതിനാവശ്യമായ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏതാനും ദിവസത്തിനുള്ളില്‍ പദ്ധതി തുടങ്ങാന്‍ തയ്യാറാണെന്ന് ടി.സി.എസ്. പറയുന്നു.

പമ്പിലെ ഉപകരണത്തിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷനാണ് ടി.സി.എസ്. വികസിപ്പിച്ചിരിക്കുന്നത്. ഇതിനെ ആധാര്‍ തിരിച്ചറിയല്‍ ഉപകരണവുമായി ബന്ധിപ്പിക്കും. ഉപയോക്താവ് ഒരിക്കല്‍ സാധുവാക്കിയാല്‍ പിന്നീട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഈ സംവിധാനത്തിലേക്കും തുടര്‍ന്ന് പമ്പിന്റെ അക്കൗണ്ടിലേക്കും പണം കൈമാറ്റം ചെയ്യാനാകും. ആദ്യഘട്ടത്തില്‍ 1000 പമ്പുകളിലാണ് സംവിധാനം നടപ്പാക്കുകയെന്ന് എണ്ണ മന്ത്രാലയം അറിയിച്ചു.