കലാശക്കൊട്ടിന് മണിക്കൂറുകള്‍ മാത്രം, നാടും നഗരവും കാത്തിരിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സ് കപ്പുയര്‍ത്തുന്നതിനായി

single-img
18 December 2016

isl-season-northeast-m56-kerala-blasters-united_4e1cd242-c505-11e6-8728-207aa32e9ca3

കൊച്ചി: ഫുട്‌ബോള്‍ ലഹരിക്ക് അതിര്‍ വരമ്പുകളില്ല. കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരുന്ന ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഐഎസ്എല്‍ മൂന്നാം സീസണിന്റെ ഫൈനലിലെ ആ പോരാട്ടം ഇന്നാണ്. കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴ് മണിയോടെ അരങ്ങേറുന്നത് ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള മിന്നുന്ന പ്രകടനമായിരിക്കും.

കേരളത്തിന്റെ സ്വന്തം ടീമായ ബ്ലാസ്റ്റേഴ്‌സ് മഞ്ഞയിലും അത്‌ലറ്റികോ കൊല്‍ക്കത്ത ചുവപ്പിലും ആണ് വരുന്നത്. ഐഎസ്എല്‍ന്റെ ഫൈനല്‍ കാണാന്‍ ടിക്കറ്റിനായി ആരാധകര്‍ ഏറെ അലഞ്ഞിരുന്നു. എന്നിട്ടും ടിക്കറ്റ് കിട്ടാത്ത ആരാധകര്‍ക്കായി ബിഗ് സ്‌ക്രീനുകളില്‍ മത്സരം കാണാന്‍ കൊച്ചിയില്‍ ഐഎസ്എല്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ വിവിധ കേന്ദ്രങ്ങളായ എറണാകുളം സേക്രഡ് ഹാര്‍ഡ് ബി.എം.ഐ പബ്ലിക്ക് സ്‌കൂള്‍, ഫോര്‍ട്ട് കൊച്ചി വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ആരാധകര്‍ക്കുവേണ്ടി സൗജന്യമായി മത്സരം വീക്ഷിക്കാന്‍ ഫാന്‍ പാര്‍ക്കുകള്‍ ഒരുക്കുന്നത്. വൈകുന്നേരം അഞ്ചു മുതലായിരിക്കും ഇവിടേക്കുളള പ്രവേശനം.

ഇതോടെ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഒഴികിയെത്തുന്ന ആരാധകര്‍ക്കൊപ്പം തന്നെ ആര്‍ത്തുവിളിക്കാന്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ക്കും അവസരം ലഭിക്കും. ലോകത്തിലെ വമ്പന്‍ ഫുട്‌ബോള്‍ ക്ലബുകളെല്ലാം പലപ്പോഴായി ഇത്തരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഫൈനല്‍ കാണാന്‍ ഫാന്‍ പാര്‍ക്കുകള്‍ക്ക് വേണ്ടിയുളള ആരാധകരുടെ നിരന്തരമായ ആവശ്യമാണ് ഇതോടെ യാഥാര്‍ത്യമാകുന്നത്.

ഫൈനല്‍ മത്സരത്തിനുളള ടിക്കറ്റുകള്‍ ബ്ലാസ്റ്റോഴ്‌സിന്റെ സെമി ഫൈനല്‍ വിജയത്തിനുശേഷം മണിക്കൂറുകള്‍ക്കുളളില്‍ തന്നെ വിറ്റുതീര്‍ന്നിരുന്നു.
അന്‍പതിനായിരത്തിലധികം കാണികള്‍ കലൂരിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എട്ടു കോടി സമ്മാനത്തുകയുള്ള ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തില്‍ ആര് മുത്തമിടും. എന്നതാണ് ഇനി കാത്തിരുന്നു തന്നെ കാണേണ്ടത്. മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണം വൈകീട്ട് ആറ് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലുണ്ട്. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റഴിഞ്ഞ സാഹചര്യത്തില്‍ റെക്കോര്‍ഡ് ജനക്കൂട്ടത്തെയാണ് കലൂരിലെ സ്‌റ്റേഡിയത്തില്‍ പ്രതീക്ഷിക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് സഹ ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, കൊല്‍ക്കത്തയുടെ സഹ ഉടമ സൗരവ് ഗാംഗുലി, ബോളിവുഡ് ഹീറോ അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ ഫൈനല്‍ കാണനെത്തുന്നുണ്ട്.