വേദന സംഹാരികള്‍ വില്ലന്മാരാവുന്നു; നിരന്തരം കഴിക്കുന്നതിലൂടെ ചെവിക്ക് തകരാര്‍ സംഭവിക്കുമെന്ന് പഠനം

single-img
17 December 2016

 

painkiller-addiction-pills

പണ്ടു കാലങ്ങളില്‍ വേദനയെ ചെറുക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞിരുന്നു. അതിനായി ഹാനികരമല്ലാത്ത പല നാട്ടുവൈദ്യങ്ങളും ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ വേദന ഒട്ടും സഹിക്കാന്‍ കഴിയാതെയായിരിക്കുന്നു നമുക്കിന്ന്. ജോലി കൂടിയപ്പോള്‍ എല്ലാവര്‍ക്കും തലവേദന പോലുള്ള അസുഖങ്ങള്‍ പെട്ടെന്നു വരാന്‍ തുടങ്ങി. എന്നാല്‍ ചെറിയൊരു തലവേദന വന്നാല്‍ പോലും ആര്‍ക്കും സഹിക്കാന്‍ വയ്യാതായിരിക്കുയാണ്.

വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറുടെ നിര്‍ദ്ദേശം പോലുമില്ലാതെ വേദന സംഹാരികള്‍ വാരി തിന്ന് വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പലരും. ചില വേദനകള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗ്ഗമാണെന്ന് ആരും ചിന്തിക്കുന്നേയില്ല. ചെറിയ തലവേദന വന്നാല്‍ പോലും വേദന സംഹാരികളില്‍ അഭയം കണ്ടെത്തുന്ന സ്വഭാവം തിരിച്ചടിയാകുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ അമിതമായി വേദന സംഹാരികള്‍ കഴിക്കുന്നത് കേള്‍വി ശക്തിയെ വരെ ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ ബ്രിഗാം ആന്റ് വുമന്‍സ് ആശുപത്രിയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തലുണ്ടായത്. കൂടുതലും സ്ത്രീകളിലാണ് വേദനസംഹാരികള്‍ കേള്‍വി തകരാറുണ്ടാക്കുകയെന്നാണ് ഗവേഷക സംഘം പറയുന്നത്.

വേദന സംഹാരികള്‍ ഇടയ്ക്ക് കഴിക്കുന്നത് കൊണ്ട് തകരാറില്ല. എന്നാല്‍ തുടര്‍ച്ചയായ ആറ് വര്‍ഷം വേദന സംഹാരികള്‍ കഴിച്ചാല്‍ കേള്‍വി ശക്തിയില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഡോ: ഗാരി കര്‍ഹാന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കാലങ്ങളായി വേദന സംഹാരികളില്‍ അഭയം പ്രാപിക്കുന്ന 48നും 73നും ഇടയില്‍ പ്രായമുള്ള 55,000 സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് ഗവേഷക സംഘം നിഗമനത്തിലെത്തിയത്.