നിര്‍ഭയ കേസിലെ കുട്ടിക്കുറ്റവാളി ഇപ്പോള്‍ എവിടെയാണ്? പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ കേരളത്തിലെന്ന് സൂചന

single-img
17 December 2016

 

nirbhaya
നിര്‍ഭയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി കേരളത്തിലെന്ന് സൂചന. ഉത്തര ഡല്‍ഹിയിലെ ജുവനൈല്‍ ഹോമിലെ ശിക്ഷാകാലാവധി കഴിഞ്ഞ് നിര്‍ഭയ കേസിലെ ആ കുട്ടി കുറ്റവാളി ഇപ്പോള്‍ തെരുവോരത്ത് കച്ചവടം ചെയ്താണ് ജീവിക്കുന്നത്. 2012 ഡിസംബര്‍ 16ന് നിര്‍ഭയ എന്ന ജോതി കൃഷ്ണയെ ബലാല്‍സംഗം ചെയ്ത കൂട്ടത്തിലെ ഒരു പ്രതിയെ കുറിച്ചാണ് പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത ആ കുട്ടി കുറ്റവാളിയെ കുറിച്ച് അന്ന് മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം 2015ല്‍ പുറത്തിറങ്ങിയ ഇയാള്‍ ഒരു വര്‍ഷത്തോളം ഒരു സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായിരുന്നു. ആ സമയങ്ങളില്‍ പെയിന്റിംഗ്, ടൈലറിംങ്, പാചകം എന്നിവയിലൊക്കെ ഇയാള്‍ കഴിവ് തെളിയിച്ചു. 21 ാം വയസ്സില്‍ ദക്ഷിണേന്ത്യയില്‍ എവിടെയോ വഴിയോരത്ത് കച്ചവടം നടത്തി ജീവിച്ച് വരുകയാണ് ഇയാളെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം ഇയാള്‍ കേരളത്തിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൃത്യമായ സ്ഥലം അധികൃതര്‍ വെളിപ്പെടുത്താത്തത് സുരക്ഷയെ ഭയന്നാണ്.

തികഞ്ഞ അച്ചടക്കത്തോടെയാണ് ഇയാള്‍ ജുവനൈല്‍ ഹോമില്‍ താമസിച്ചത്. സ്വന്തം പേരെഴുതാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. അതേ സമയം പാചകം ഇയാള്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. ജുവനൈല്‍ ഹോമില്‍ പാചകം ചെയ്യാറുണ്ടായിരുന്നു. പതിനൊന്നാം വയസ്സില്‍ വീടു വിട്ടിറങ്ങി ഡല്‍ഹിയിലെ ബസില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. പെണ്‍കുട്ടി ബലാല്‍സംഘം ചെയ്യപ്പെട്ട ബസിലായിരുന്നു ഒടുവില്‍ ജോലി ചെയ്തിരുന്നത്.

ഓടുന്ന ബസില്‍ ആറു പേര്‍ ചേര്‍ന്നാണു വിദ്യാര്‍ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച ശേഷമായിരുന്നു പീഡനം. പിന്നീട് പ്രതികള്‍ പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടി 13 ദിവസത്തിനു ശേഷം മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിക്ക് പരമാവധി ശിക്ഷയായ മൂന്നു വര്‍ഷം തടവ് ശിക്ഷയാണു ലഭിച്ചത്.