നടി ഭാവന വിവാഹിതയാകുന്നു; വിവാഹം അടുത്ത വര്‍ഷം; സഫലമാകുന്നത് നീണ്ടനാളത്തെ പ്രണയം

single-img
17 December 2016

bhavana
കൊച്ചി: നടി ഭാവന വിവാഹിതയാകുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലാണ് നടി വിവാഹിതയാകുന്നത്. അടുത്ത വര്‍ഷം ഏപ്രിലോടെയായിരിക്കും വിവാഹമെന്നാണ് സുഹൃത്തുക്കളും താരവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും പറയുന്നത്.

നടി ഭാവന വിവാഹിതയാകുന്നുവെന്ന് പ്രമുഖ ചാനലുകളെല്ലാം റിപ്പോര്‍ട്ട് കൊടുത്തു കഴിഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലില്‍ വിവാഹം ഉണ്ടാകുമെന്നാണ് പ്രമുഖ സിനിമ സൈറ്റുകള്‍ നല്‍കുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കന്നട സിനിമാ നിര്‍മ്മാതാവാണ് ഭാവനയുടെ വരന്‍.

വിവാഹ തീയതി അടുക്കുമ്പോള്‍ വരന്റെ പേര് വെളിപ്പെടുത്താമെന്നും ഭാവന പറയുന്നു. ആഡംബര വിവാഹമായിരിക്കില്ലെന്നും തികച്ചും ലളിതമായ രജിസ്റ്റര്‍ വിവാഹമായിരിക്കും നടത്തുകയെന്നുമാണ് അറിയുന്നത്. കുടുംബക്കാര്‍ മാത്രമേ ഉണ്ടാകൂ. ഒരു വര്‍ഷം മുന്‍പാണ് ഭാവനയുടെ അച്ഛന്‍ മരിച്ചത്. അതിനാലാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുന്നത് എന്നാണ് സൂചന.

ഹണീ ബീ ടൂവിലാണ് ഭാവന ഇപ്പോള്‍ അഭിനയിക്കുന്നത്. അതിന് ശേഷം മലയാളം സിനിമകള്‍ കരാര്‍ ചെയ്തിട്ടില്ല. ചാര്‍ലിയുടെ തെലുങ്ക് പതിപ്പിലേയ്ക്കും താരത്തെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഭാവന താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ല. വിവാഹ ശേഷം ഭാവന അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുക്കുമെന്നും വാര്‍ത്തകളുണ്ട്. നേരത്തെ 2016 പകുതിയോടെ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ ഭാവനയുടെ പിതാവ് ബാലചന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്ന് കല്യാണം നീട്ടിവെയ്ക്കുകയായിരുന്നു.