റോഡ് അപകടങ്ങള്‍ കൂടുന്നു; സ്വകാര്യ ബസുകള്‍ക്ക് ഇനി ഒരു നിറം മതിയെന്ന് മോട്ടോര്‍ വാഹനവകുപ്പ്

single-img
17 December 2016

 

private-bus-trivandrum

കണ്ണൂര്‍: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിറം ഏകീകരിക്കുന്നു. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്ക് ഇനി മുതല്‍ ഒരേ നിറം നടപ്പിലാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സിറ്റി സര്‍വീസ്, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ക്കാണ് കളര്‍ കോഡ് നല്‍കി സംസ്ഥാന വ്യാപകമായി ബസ്സുകളുടെ നിറങ്ങള്‍ ഏകീകരിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നീക്കം. നിലവില്‍ സംസ്ഥാനത്ത് മൂന്ന് നഗരങ്ങളിലെ സിറ്റി സര്‍വീസ് ബസ്സുകള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ കളര്‍ കോഡുള്ളത്.

തിരുവനന്തപുരത്ത് നീലയും കൊച്ചിയില്‍ ചുവപ്പും കോഴിക്കോട് പച്ചയും നിറങ്ങളാണ് സിറ്റി സര്‍വീസ് ബസ്സുകള്‍ക്ക് ഉള്ളത്. റോഡിലെ മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയിലുള്ള നിറങ്ങളും ചിത്രങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നു എന്ന പരാതികളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്.

വാഹനങ്ങളില്‍ നല്ല നിറങ്ങള്‍ വേണമെന്ന മോട്ടോര്‍ വാഹന നിയമത്തിലെ 264ആം വകുപ്പിന്റ ചുവടുപിടിച്ചാകും പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുക. ബസ്സുടമകളുടയും പൊതുജനങ്ങളുടെയും ഉള്‍പ്പെടെ അഭിപ്രായം തേടിയാവും നിറങ്ങള്‍ നിര്‍ണയിക്കുക

നേരത്തേ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്, ഫാസ്റ്റ് പാസഞ്ചര്‍, എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ് എന്നിവ തിരിച്ചറിയാന്‍ കഴിയും വിധം നിറങ്ങള്‍ വേണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതിനുപകരം സിറ്റി, ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ക്ക് മാത്രമായി വ്യത്യസ്ത നിറങ്ങള്‍ പരിമിതപ്പെടുത്താനാണ് തീരുമാനം. തീരുമാനം നടപ്പായാല്‍ നിലവിലെ ബസുകള്‍ക്ക് നിറം മാറാന്‍ ഫിറ്റ്‌നസ് സമയം വരെ അവസരം നല്‍കും