ആരാധകര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശ; ഐഎസ്എല്‍ ഫൈനല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ പത്തിരട്ടി വിലയില്‍ വില്‍ക്കപ്പെടുന്നു

single-img
17 December 2016

 

isl-blasters

കൊച്ചി: കൊച്ചിയെ ഇന്നു വൈകുന്നേരം പൂരപറമ്പാക്കുന്ന ഉത്സവാഘേഷം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം. സോഷ്യല്‍ മീഡിയ മുഴുവനും നിറഞ്ഞു നില്‍ക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം. പ്രെഫൈല്‍ ചിത്രം മാറ്റിയും ആരാധകരെല്ലാം ഒരുങ്ങിയിരിക്കുകയാണ്. ഗ്രൂപ്പുകളിലെ ചിത്രങ്ങളെല്ലാം മഞ്ഞകളറില്‍ നിറഞ്ഞു. മഞ്ഞപ്പടക്ക് പിന്തുണ നല്‍കാന്‍ കാത്തിരുന്ന ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരു ടിക്കറ്റിന് വേണ്ടിയുള്ള കാത്തിരിപ്പു വലുതായിരുന്നു. എന്നാല്‍ പകുതി പേര്‍ക്കും നിരാശ ആയിരുന്നു ഫലം.

ഇതിനിടെ കലൂര്‍ ജവഹര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ ഫൈനലിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാകി വില്‍ക്കപ്പെടുകയാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വ്യാജസൈറ്റുകളില്‍ പത്തിരട്ടി വിലയ്ക്ക് വില്‍ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 300 രൂപയുടെ ടിക്കറ്റിന് 3,000 രൂപ വരെയാണ് വ്യാജസൈറ്റുകള്‍ ഈടാക്കുന്ന വില. നിരവധി പേരുടെ കമന്റുകളാണ് സൈറ്റിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ടിക്കറ്റ് കിട്ടാതെ ഫുട്ബോള്‍ പ്രേമികള്‍ അലയുമ്പോഴാണ് കരിഞ്ചന്തകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പന പൊടിപൊടിക്കുന്നത്. ഇത് ആരാധകരെ കടുത്ത അമര്‍ഷത്തിലാക്കിയിരിക്കുകയാണ്. ഓണ്‍ലൈന്‍ വില്‍പ്പന നടന്നിരുന്ന ബുക്ക് മൈ ഷോയിലേയും കലൂരിലെ സ്റ്റേഡിയത്തിന് മുന്നിലെ ബോക്സിലെ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച്ച ഉച്ചയോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് അവസരം മുതലെടുത്ത് കരിഞ്ചന്തക്കാരും രംഗത്തെത്തിയിരിക്കുന്നത്. isltickets.com എന്ന വ്യാജസൈറ്റിലാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്.

അതേസമയം, ഐഎസ്എല്‍ അധികൃതരും കെഎഫ്എയും ഒത്തുക്കളിച്ച് ടിക്കറ്റുകള്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നുമുള്ള പരാതിയുമായി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അക്കൗണ്ടില്‍ പണമെത്തിച്ചാല്‍ ടിക്കറ്റ് കിട്ടുന്ന സംവിധാനവും കരിഞ്ചന്തക്കാര്‍ പയറ്റുന്നുണ്ട്.