കള്ളപ്പണ വിരുദ്ധപ്രചാരണത്തിന്റെ അടുത്ത ഘട്ടത്തില്‍; രണ്ടു ലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും

single-img
17 December 2016

black-money_650_102714053957
മുംബൈ: രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപമെത്തിയ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കുന്നു. ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. കള്ളപ്പണ വിരുദ്ധ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോഴായിരിക്കും ഇവ പരിശോധനയ്ക്ക് വിധേയമാക്കുക. മുന്‍പ് ക്രയവിക്രയങ്ങള്‍ നടന്നിട്ടില്ലാത്ത പല അക്കൗണ്ടുകളിലും നോട്ട് പിന്‍വലിക്കലിനു പിന്നാലെ വന്‍തുകകള്‍ നിക്ഷേപമായി എത്തിയിരുന്നു.

നോട്ട് അസാധുവാക്കലിനുശേഷം ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ രണ്ടര ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കപ്പെട്ടിട്ടുള്ള അക്കൗണ്ടുകളുടെ വിവരമാണ് ആദായനികുതി വകുപ്പിനു നല്‍കുന്നത്. പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഉദ്യോഗസ്ഥനും നിരവധി ബാങ്ക് ഉദ്യോഗസ്ഥരും പിടിയിലായ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, ആര്‍ബിഐ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതു പ്രകാരമുള്ള വിവരങ്ങള്‍ നല്‍കുക ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. നിക്ഷേപിക്കലും പിന്‍വലിക്കലുമായി രണ്ടു ലക്ഷം രൂപയുടെ ക്രയവിക്രയം നടക്കുന്നതാകാം പല അക്കൗണ്ടുകളും. അതിനാല്‍ രണ്ടുലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ളവ കണ്ടെത്തുന്നതിന് സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.