മാഹിയിലെ മദ്യവിപണിയെ പകച്ചു നിര്‍ത്തിച്ച് സുപ്രീം കോടതിയുടെ മദ്യനിരോധന ഉത്തരവ്; മാഹി ടൗണില്‍ ഇനി ബാക്കിയാകുക രണ്ട് മദ്യക്കടകള്‍ മാത്രം

single-img
17 December 2016

mahe_liquor

മാഹി: മാഹിയുടെ മദ്യവിരുദ്ധ പോരാട്ടത്തിന് സ്വതാന്ത്രസമരത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. എന്നാലിപ്പോള്‍ സുപ്രീം കോടതിയുടെ ഉത്തരവില്‍ പകച്ചു നില്‍ക്കുകയാണ് മാഹിയിലെ മദ്യവിപണി. ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ മുഴുവന്‍ അടിച്ചു പൂട്ടണമെന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. മദ്യത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന മാഹിയില്‍ വിധി നടപ്പാകുന്നതോടെ 32 മദ്യശാലകള്‍ പൂട്ടേണ്ടിവരും.

എന്നാല്‍ ഇത് ആശ്വാസം പകരുന്നത് മാഹിയിലെ ജനങ്ങള്‍ക്കാണ്. മാഹിയില്‍ വിദ്യാലയത്തിന്റെയും ആരാധനാലയത്തിന്റെയും സമീപത്താണ് മിക്ക മദ്യഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഒമ്പതര ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മാഹിയില്‍ 64 മദ്യഷാപ്പുകളുണ്ട്. മാഹി ടൗണില്‍ ദേശീയ പാതയോരത്താണ് ഇതില്‍ പകുതിയിലേറെയും. ബാറുകള്‍ പൂട്ടുന്നതോടെ മദ്യപാനികള്‍ സൃഷ്ടിക്കുന്ന ദുരിതത്തില്‍നിന്ന് മാഹി ടൗണ്‍ മോചിതമാവും. കുടിച്ച് ലക്കുകെട്ട് റോഡില്‍ വീഴുന്ന മദ്യപാനികള്‍ മാഹിയിലെ പതിവ് കാഴ്ചയായിരുന്നു. ദിവസേന പതിനായിരങ്ങളാണ് മാഹിയിലേക്ക് മദ്യലഹരിതേടി എത്തുന്നത്. മാഹിക്കാരല്ലത്തവരാണ് കൂടുതലും മദ്യപിക്കാനായി മാത്രം ഇവിടെയെത്തുന്നത്.

പ്രതിവര്‍ഷം ആയിരം ലോഡിലേറെ മദ്യം മാഹിയിലെത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ പകുതിയിലേറെയും വിറ്റഴിക്കുന്നത് മാഹി ടൗണിലാണ്. മാഹിയുടെ മദ്യഷാപ്പുകള്‍ മാഹിയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പറിച്ചുനട്ട് വ്യാപാരം തുടരാമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. എന്നാല്‍ മാഹി ടൗണില്‍ പൂട്ടുന്ന മദ്യശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റുക എളുപ്പമാവില്ല. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് മാര്‍ച്ച് 31വരെയാണ് സുപ്രീംകോടതി ഡിവിഷന്‍ബെഞ്ച് സമയം അനുവദിച്ചത്.

റവന്യു വരുമാനം കുറയുമെന്നതിനാല്‍ പുതുച്ചേരി സര്‍ക്കാര്‍ ദൂരപരിധി കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. മാഹിയിലെ മദ്യശാലകളുടെ ദൂരപരിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാഹി മദ്യനിരോധന സമിതി നേരത്തെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. മാഹി ടൗണില്‍ ദേശീയപാതയുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലാണ് ഇത്രയും മദ്യഷാപ്പുകള്‍. ഇതില്‍ പത്തൊമ്പതെണ്ണം മൊത്ത വ്യാപാരസ്ഥാപനങ്ങളാണ്. ബാക്കിയുള്ളവ ബാറുകളും. സുപ്രീംകോടതി നിശ്ചയിച്ച ദൂരപരിധിയില്‍പ്പെടാത്ത രണ്ട് മദ്യഷാപ്പുകള്‍ മാത്രമാവും മാഹി ടൗണില്‍ ഇനി ബാക്കിയാവുക.