നോട്ട് നിരോധനം: സാമ്പത്തിക മേഖലയ്ക്ക് ആഘാതമല്ലാതെ പ്രയോജനമുണ്ടായില്ലെന്ന് ഗീത ഗോപിനാഥ്ച കറന്‍സി രഹിത സമ്പദ് വ്യവസ്ഥയോട് ഇപ്പോഴും യോജിക്കുന്നു

single-img
17 December 2016

 

gita-gopinath

നോട്ട് നിരോധനം മൂലം സാമ്പത്തിക മേഖലയ്ക്ക് ആഘാതങ്ങളല്ലാതെ പ്രയോജനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗീത ഗോപിനാഥ്. മുഖ്യന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് മുന്‍പ് നോട്ട് നിരോധനത്തെ കുറിച്ച് ലേഖനം എഴുതിയിരുന്നു. കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന കാഴ്ചപ്പാടിനോട് താന്‍ ഇപ്പോഴും യോജിക്കുന്നതായും ഗീത പറഞ്ഞു. സിഎന്‍ബിസി ടിവി ന്യൂസ് 18 ചാനലിലെ അഭിമുഖത്തിലാണ് ഗീതയുടെ അഭിപ്രായങ്ങള്‍ പറഞ്ഞത്.

പ്രധാനമന്ത്രി മോദിയുടെ തീരുമാനം ധീരമാണെന്ന് വിശേഷിപ്പിച്ചും എന്നാല്‍ നടപ്പാക്കിയ രീതിയെ തള്ളിയും ഗീതാ ഗോപിനാഥ് എഴുതിയ ലേഖനം നേരത്തെ വിവാദമായിരുന്നു. നോട്ട് നിരോധനത്തില്‍ മോദിയെ ഗീത പ്രകീര്‍ത്തിച്ചുവെന്ന പ്രചാരണം ഉയര്‍ന്നപ്പോഴേക്കും പ്രതിരോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം നടപ്പാക്കിയ മോദിയുടെ നടപടി ധീരമാണെന്ന ലേഖനത്തിലെ വരികളാണ് ചിലര്‍ ഏറ്റുപിടിച്ചത്. എന്നാല്‍ ഈ പ്രചാരണം തെറ്റിദ്ധാരണജനകമാണെന്നും ലേഖനം മുഴുവന്‍ വായിക്കാത്തതിന്റെ പ്രശ്നമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അര്‍ധരാത്രി 500, 1000 നോട്ടുകള്‍ നിരോധിച്ച ഇന്ത്യന്‍ ഗവണ്‍മെന്റ് നടപടി ഒരു തരത്തിലും അതേപടി വിഴുങ്ങാന്‍ കഴിയില്ല. ഇതില്‍ എന്തെങ്കിലും ആനൂകൂല്യങ്ങള്‍ കാണുന്നുമില്ല. ചെലവുകളും ആഘാതങ്ങളും കാണുന്നുമുണ്ട്. കള്ളപ്പണക്കാരെ പിടികൂടാനാണ് തീരുമാനം എന്നാണ് പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നാടകീയ മുഹൂര്‍ത്തങ്ങള്‍ ഒഴിവാക്കി കള്ളപ്പണം പൂഴ്ത്തിവെച്ചവരെ പുറത്ത് കൊണ്ട് വരാന്‍ കഴിയുമായിരുന്നു. പ്രധാനമന്ത്രിയുടെ തീരുമാനം എല്ലാ മേഖലകളേയും അലങ്കോലപ്പെടുത്തിയെന്നും ഗീതാ ഗോപിനാഥ് അഭിമുഖത്തില്‍ പറയുന്നു.

1000 രൂപയുടെ നോട്ടുകള്‍ മാത്രമായി നിരോധിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ ഒരു പരിധി വരെ കുറക്കാമായിരുന്നു. നോട്ട് നിരോധനം ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ ഒരു ശതമാനം വരെ ഇടിവിന് കാരണമാകും. കറന്‍സി രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യവും കള്ളപ്പണം തടയലുമെന്ന പ്രഖ്യാപനം മുന്‍ നിര്‍ത്തിയുളള നോട്ട് നിരോധനം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. എന്നാല്‍ ആവശ്യത്തിന് നോട്ടുകളില്ലാതെ, മുന്‍ കരുതലുകള്‍ എടുക്കാതെയുളള തീരുമാനം നിരവധി ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ക്യാഷ്ലെസ് ഇക്കോണമി എന്നത് ഇത്ര ഭീമമായ ചെലവില്ലാതെയും പ്രത്യാഘാതങ്ങളില്ലാതെയും നേടാവുന്ന കാര്യമാണെന്നും ഗീത ഗോപിനാഥ് പറയുന്നു.