രക്തദാനത്തിന്റെ മറവിൽ വന്‍ തട്ടിപ്പ് നടത്തുന്ന സംഘം വ്യാപകമാവുന്നു; സൗജന്യ സേവനമെന്ന് പറയുന്നെങ്കിലും പണം ഈടാക്കുന്നു

single-img
17 December 2016

 

2016-12-17-1തിരുവനന്തപുരം: ഉറ്റവരുടെ ജീവനു വേണ്ടി രക്തത്തിനായി കേഴുന്ന നിസ്സഹായകരുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്ന തട്ടിപ്പു സംഘങ്ങള്‍ വ്യാപകമാവുന്നു. ജീവന്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തില്‍, കള്ളസംഘങ്ങളുടെ വാഗ്ദാനങ്ങളില്‍ അകപ്പെട്ടു പോകുന്നത് സാധാരണക്കാരാണ്.

രക്തദാന സേവനത്തിന്റെ പേരിലാണ് രോഗികളുടെയും കുടുംബത്തിന്റെയും പക്കല്‍ നിന്നും പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമാവുന്നത്. സംസ്ഥാനത്തുടനീളം സൗജന്യ സേവനം എന്ന പേരില്‍ പണം തട്ടുകയാണ് ഈ സംഘം ചെയ്യുന്നത്. സൗജന്യ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

‘ആള്‍ കേരള ബ്ലഡ് ഡോണേര്‍സ് അസോസിയേഷന്‍’ എന്ന പേരിലെ സംഘടനയുമായി ആവശ്യക്കാര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തറിയുന്നത് .

സംഘടനയിലെ നടത്തിപ്പുകാരാണ് ഓഫീസ് ചിലവും മറ്റുമെന്ന പേരില്‍ രോഗികളോടും കൂട്ടിരിപ്പുകാരോടും വിലപേശല്‍ നടത്തി വ്യാപക ചൂഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

അടുത്തിടെ രക്തത്തിനായി സംഘടന ആവശ്യപ്പെട്ട പണം നല്‍കാനായി ഇവരെ ഫോണില്‍ ബന്ധപ്പെടുകയും വിളിച്ച നമ്പര്‍ കിട്ടാതായതോടെ മറ്റൊരു അംഗത്തിന്റെ നമ്പറില്‍ വിളിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള  കൂടുതൽ വിവരങ്ങൾ  പുറത്തു വന്നത്. ഈ സംഭാഷണ ശകലം ഇ വാർത്തയുടെ പക്കലുള്ളതുമാണ്.

ഇവരുടെ നമ്പറിലേക്ക് വിളിക്കുന്നവരോട് തങ്ങളുടെ ഓഫീസ് ബില്ലുകള്‍ അടക്കണമെന്നും ഫോണ്‍ ബില്ലുകള്‍ അടച്ചു രസീത് നമ്പര്‍ കൈമാറിയാല്‍ ആവശ്യമുള്ള രക്തം നല്‍കുമെന്നും ഇവര്‍ പറയും. നിവര്‍ത്തിയില്ലാതെ സമ്മതം മൂളിയ ഇവരുടെ മൊബൈലിലേക്ക് മുപ്പതോളം പേരുടെ നമ്പറുകളും വിവരങ്ങളും ആണ് ബില്‍ അടക്കുന്നതിനായി അയച്ചു കൊടുക്കുന്നത്.

എന്നാല്‍ രക്തം ആവശ്യപ്പെട്ടു വിളിക്കുന്നവരെ സംഘടനയിലെ എക്സിക്യൂട്ടീവുകള്‍ നേരിട്ട് സന്ദര്‍ശിക്കുകയും വിവരങ്ങള്‍ മനസിലാക്കിയ ശേഷം തങ്ങള്‍ നല്‍കുന്ന രക്തത്തിന് പകരം മറ്റേതെങ്കിലും ഗ്രൂപ് രക്തം തിരികെ നല്‍കണമെന്ന് ആവശ്യപ്പെടും. കിട്ടിയില്ലെങ്കില്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് മൂവായിരം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്നും പകരം രക്തം നല്‍കുമ്പോള്‍ തിരികെ മൂവായിരം നല്‍കാമെന്ന് ഉറപ്പും നല്‍കും.

unnamedഅതെ സമയം നിയമക്കുരുക്കിന്റെ നൂലാമാലകളിൽ കുടുങ്ങാതിരിക്കാൻ അതി വിദഗ്ധമായി സംഭാവന തുകയായാണ് രസീത് നല്കുന്നത്.

ആശുപത്രികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇവര്‍ക്ക് ആശുപത്രികളിലെ ശസ്ത്രക്രിയ സംബന്ധിച്ച വിവരം ലഭിക്കുകയും ആവശ്യക്കാര്‍ക്ക് ആശുപത്രി അധികൃതരുടെ ഒത്താശയോടെ  ഇവരുടെ നമ്പറുകള്‍ കൈമാറുകയും ചെയ്യുന്നു.

jdrjസംസ്ഥാനത്തൊട്ടാകെ അറുപത്തിനായിരത്തിലധികം അംഗങ്ങള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന സംഘടനയിലെ അധികംപേരും നടത്തിപ്പുകാരുടെ ഈ തട്ടിപ്പു അറിയുന്നില്ല എന്നതാണ് ലഭിക്കുന്ന വിവരം.

ഈ രീതി തുടരുന്നതിനാല്‍ പലപ്പോഴും തീര്‍ത്തും സേവനപരമായി മാത്രം രക്തദാനം നടത്തുന്നവരിൽ എത്തപ്പെടാതെ പൊതുജനം ഇവരുടെ ചതിക്കുഴിയില്‍ അകപ്പെട്ടു പോവുകയുമാണ്.

അതെ സമയം ഇവരുടെ സംഘടനയില്‍ അംഗമാകാന്‍ ആയിരം രൂപ അംഗത്വ ഫീസ് ഈടാക്കുന്നുമുണ്ട്.

ഈ സംഘടനയുടെ പ്രസിഡന്റും സ്ഥാപകനുമായ പി എം ജാഫറിനെ ബന്ധപ്പെടാൻ ഇ വാർത്ത ശ്രമിച്ചുവെങ്കിലും ടിയാൻ വിദേശത്താണെന്നു അറിയുന്നു.