അരിവില നിയന്ത്രിക്കാനായി സര്‍ക്കാര്‍ പ്രത്യേക അരിക്കടകള്‍ തുടങ്ങുന്നു; ഇനിമുതല്‍ 23 രൂപയ്ക്ക് നല്ല അരി ലഭിക്കും

single-img
17 December 2016

rice

കൊച്ചി: സംസ്ഥാനത്ത് അരിവില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക അരിക്കടകള്‍ തുടങ്ങുന്നു. ഭക്ഷ്യപൊതുവിതരണ മന്ത്രി പി തിലോത്തമനാണ് ഇക്കാര്യം അറിയിച്ചത്. സപ്ലൈകോയുടെ ക്രിസ്മസ് വിപണന മേളകള്‍ക്കൊപ്പമാണ് പ്രത്യേക അരിക്കടകള്‍ ആരംഭിക്കുന്നത്. അരി വിതരണത്തിനായി 1171 കോടി രൂപ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഇത് 871 കോടി രൂപയായിരുന്നുവെന്നും മന്ത്രി അറിയിച്ചു.

കേന്ദ്രം താങ്ങുവില നല്‍കുന്ന അരി 21.50 രൂപയ്ക്ക് നല്‍കാമെന്ന് എഫ്സിഐ അറിയിച്ചിട്ടുണ്ട്. മറ്റു ചെലവുകള്‍കൂടി കണക്കാക്കി 23 രൂപയ്ക്ക് നല്ല അരി നല്‍കാനാവുമെന്നാണ് പ്രതീക്ഷ. ഓയില്‍പാമിന്റെ കുട്ടനാട് അരിയും കുറഞ്ഞ വിലയ്ക്കെടുത്ത് നല്‍കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. അരി അടക്കം 13 ഇനം അവശ്യസാധനങ്ങള്‍ 21 ശതമാനം മുതല്‍ 68 ശതമാനം വരെ സബ്സിഡി നല്‍കി സപ്ലൈകോയുടെ സ്ഥാപനങ്ങള്‍ വഴി നല്‍കി വരുന്നുണ്ട്. സബ്സിഡി സാധനങ്ങളുടെ വില അഞ്ചു വര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ അരി വിതരണംകൂടി സുഗമമാവുന്നതോടെ വിപണിയിലെ അരിവില കുറയും.

ആന്ധ്രയിലെ അരിമില്‍ ലോബി കൃത്രിമ ക്ഷാമം സൃഷ്ടിച്ച് സ്ഥിരമായി വിലകൂട്ടാന്‍ ശ്രമം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന നവംബര്‍ മാസത്തെ അരി ഡിസംബര്‍ 31 വരെ വാങ്ങാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സംസ്ഥാനത്ത് തയ്യാറാക്കിയ റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 15 മുതല്‍ മാസംതോറും കാര്‍ഡൊന്നിന് 35 കിലോഗ്രാം അരി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മുന്‍ഗണനാ പട്ടികയില്‍ ഇല്ലാത്തവര്‍ക്ക് കാര്‍ഡൊന്നിന് നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും ലഭിക്കും. അര്‍ഹരായവരെ ഉള്‍പ്പെടുത്തി പട്ടിക കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.