ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിന് ഗായിക സയനോരക്ക് ഭീഷണി, ഗായികയുടെ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ കൈയേറ്റം.

single-img
16 December 2016

14907217_366842340318648_15815443186238637_n

കൊച്ചി: കൊച്ചിയില്‍ യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിന് ഓട്ടോ ഡൈവര്‍മാരുടെ ഭീഷണിയും കൈയേറ്റശ്രമവും. ഗായിക സയനോരയ്ക്കും യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കുമെതിരെയാണ് ഓട്ടോ ഡ്രൈവര്‍മാരുടെ ഭീഷണി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് നടന്ന സംഭവത്തെക്കുറിച്ച് സയനോര ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തിയത്.

കണ്ണൂരുനിന്ന് മലബാര്‍ എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിയ സയനോര പനമ്പള്ളി നഗറിലേയ്ക്ക് പോകുന്നതിനാണ് യൂബര്‍ ടാക്‌സി വിളിച്ചത്. ടാക്‌സിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പറയുന്നു. ടാക്‌സി ഡ്രൈവറെ കയ്യേറ്റം ചെയ്തതായും സയനോര പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓണ്‍ലൈന്‍ ടാക്‌സിയില്‍ കയറിയ യുവതിയെയും ടാക്‌സി ഡ്രൈവറെയും ഓട്ടോഡ്രൈവര്‍മാര്‍ വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി ജോലി സ്ഥലത്തേക്ക് പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച യുവതിയെയാണ് ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രപോകാന്‍ അനുവദിക്കില്ലെന്നും വേണമെങ്കില്‍ വേറെ വാഹനത്തില്‍ പോകണമെന്നുമായിരുന്നു ഭീഷണി. അന്നും ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നിരുന്നു.