ചങ്ക് പൊട്ടിയാണ് മോഡീ ഈ വൃദ്ധന്‍ കരയുന്നത്..രാജ്യത്തെ സംരക്ഷിച്ച കാവല്‍ക്കാരന്റെ കണ്ണീരില്‍ ചോരയാണ് പൊടിയുന്നത്.. നോട്ടുനിരോധനത്തിന്റെ ഇരകള്‍ പണക്കാരല്ല..പാവപ്പെട്ടവനാണ്

single-img
16 December 2016

15578686_1554154557934013_4396150527515151404_n
നോട്ടുനിരോധനം കള്ളപ്പണത്തെ പ്രതിരോധിക്കാനാണെന്ന് അഭിമാനത്തോടെ പറയുന്ന മോദീ…നിങ്ങളൊന്നു സാധാരണക്കാരിലേക്ക് കണ്ണു തുറക്കൂ.പൊട്ടിക്കരയുന്ന വൃദ്ധനായ പട്ടാളക്കാരന്റെ കണ്ണീരിന് ഉത്തരം തരേണ്ടത് നിങ്ങളാണ്

വര്‍ഷങ്ങളോളം അതിര്‍ത്തിയില്‍ കാവല്‍ നിന്നതിന് സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ തുകപോലും എടുക്കാന്‍ കഴിയാതെ നിരാശരായി പൊട്ടി കരയുന്ന വൃദ്ധന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു.കഴിഞ്ഞദിവസം ഹിന്ദുസ്ഥാന്‍ ടൈംസ് പ്രസിദ്ധീകരിച്ച പൊട്ടിക്കരയുന്ന വിമുക്തഭടന്‍ നന്ദന്‍ ലാലിനാണ് സ്വന്തം പണത്തിനായി മണിക്കൂറുകള്‍ ക്യൂനിന്ന് ഒടുക്കം പൊട്ടിക്കരയേണ്ടി വന്നത്.78 വയസ്‌കാരനായ നന്ദകുമാറിന്റെ ചിത്രം മനസാക്ഷിയെ ചോദ്യം ചെയ്യുന്ന ചിത്രമാണ്.

ആകെയുള്ള വീട് ദത്തുപുത്രി വിറ്റതിനെ തുടര്‍ന്ന് ഗുര്‍ഗൗണില്‍ ഒരു കൊച്ചുമുറിയിലാണ് നന്ദന്‍ ലാല്‍ കഴിയുന്നത്. പഞ്ചാബ്, ജമ്മു കശ്മീര്‍ അതിര്‍ത്തികളിലായ ജീവന്‍ പോലും പണയംവെച്ച് രാജ്യത്തെ സേവിച്ചതിന് സര്‍ക്കാര്‍ അനുവദിച്ച പെന്‍ഷനാണ് ആകെയുള്ള വരുമാനം. അതു പിന്‍വലിക്കാന്‍ വേണ്ടിയാണ് അദ്ദേഹം എസ്.ബി.ഐയുടെ ഗുര്‍ഗൗണിലെ ന്യൂ കോളനി ബ്രാഞ്ചില്‍ ക്യൂ നിന്നത്.മൂന്ന് ദിവസം ക്യൂനിന്നിട്ടും പണം കിട്ടാതായതോടെ ഉദ്യോഗസ്ഥരോട് യാചിച്ചു. ആ ശ്രമവും ഫലം കാണാതായതോടെ അദ്ദേഹത്തിന്റെ നിരാശ കണ്ണുനീരായി ഒഴുകുകയായിരുന്നു.പാക്കിസ്ഥാനില്‍ വിഭജനകാലത്ത് ഇന്ത്യയിലെത്തുകയും പട്ടാളക്കാരനായി മാറുകയും ചെയ്തയാളാണ് നന്ദലാല്‍.

‘അവരെന്താണ് എന്റെ പൈസ എനിക്കു തരാത്തത്? എന്തുകൊണ്ട് അവര്‍ വേണ്ട സജ്ജീകരണങ്ങള്‍ ചെയ്തില്ല’ രാജ്യത്തെ ആയിരക്കണക്കിന് എ.ടി.എമ്മുകള്‍ക്കു മുമ്പില്‍ ക്യൂനില്‍ക്കുന്ന ജനത ചോദിക്കുന്ന ചോദ്യം ഇദ്ദേഹവും ആവര്‍ത്തിക്കുന്നു.
‘ഒരു സഹായിയുണ്ട്. അദ്ദേഹത്തിനു കൂലി നല്‍കണം. പാല്‍ക്കാരനും പലചരക്കുകാരനും പണം നല്‍കണം. ഡിസംബര്‍ ആദ്യം 8000രൂപ പെന്‍ഷനായി വന്നിരുന്നു. അതില്‍ നിന്നും 1000രൂപ പിന്‍വലിക്കാനാണ് പോയത്.’ അദ്ദേഹം പറയുന്നു.ബുധനാഴ്ചയാണ് ഹിന്ദുസ്ഥാന്‍ ടൈംസിൽ പ്രവീണ്‍ കുമാര്‍ പകര്‍ത്തിയ ഈ ഫോട്ടോ പ്രസിദ്ധീകരിച്ചത്.