തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

single-img
16 December 2016

election-commissionന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വെളിപ്പെടുത്തണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി. പഞ്ചാബില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഇത് നടപ്പാക്കുക.

സോഷ്യല്‍ മീഡിയയിലൂടെ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയോ പരസ്യം നല്‍കുകയോ ചെയ്താല്‍ അതിന്റെ ചെലവുകൂടി ഉള്‍പ്പെടുത്തേണ്ടി വരും. രാഷ്ട്രീയ കക്ഷികള്‍ നല്‍കുന്ന പരസ്യങ്ങളും അവരുടെ അക്കൗണ്ടില്‍ കാണിക്കേണ്ടി വരും. പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പരസ്യം സോഷ്യല്‍ മീഡിയയില്‍ വന്നാല്‍ നടപടിയെടുക്കും. എല്ലാ സോഷ്യല്‍ മീഡിയയും നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനമുണ്ടാകും.

നസീം സെയ്ദി

നസീം സെയ്ദി

മിക്ക സോഷ്യല്‍ മീഡിയകളുടെയും സെര്‍വറുകള്‍ വിദേശത്താണെന്ന് നസീം സെയ്ദി ചൂണ്ടിക്കാട്ടി. ഇവയില്‍ പൊതുപരാതികള്‍ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുടെ പേരും വിവരങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞുപിടിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികള്‍ സോഷ്യല്‍ മീഡിയയില്‍ ചട്ടവിരുദ്ധമായി എന്തെങ്കിലും പ്രസിദ്ധപ്പെടുത്തുകയോ പരസ്യപ്പെടുത്തുകയോ ചെയ്താല്‍ അത് ഇവരുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബ് തെരഞ്ഞെടുപ്പ് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജിപിഎസ് സംവിധാനം ഉപയോഗിക്കുന്ന ഫ്‌ളൈയിങ് സ്‌ക്വാഡുകളെ നിയോഗിക്കുമെന്നും നസീം സെയ്ദി കൂട്ടി ചേര്‍ത്തു.