നവംബര്‍ 16 ന് പാര്‍ലമെന്റില്‍ ആരംഭിച്ച ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. നോട്ട് വിഷയവും അഗസ്റ്റ വെസ്റ്റ്‌ലാന്‍സ് വിഷയവും സഭ തടസപ്പെടുത്താൻ സാധ്യത

single-img
16 December 2016

parliamentദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. ഭരണപക്ഷവും പ്രതിപക്ഷവും രണ്ടു അഴിമതികളുടെ പേരില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നോട്ട് അസാധുവാക്കല്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും അഗസ്റ്റ വെസ്റ്റ്‌ലാന്‍സ് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്  ഭരണപക്ഷവും നടത്തുന്ന ബഹളത്തില്‍ ഇന്നും സഭാനടപടികള്‍ തടസ്സപ്പെട്ടേക്കാം.

ലോക്‌സഭയില്‍ ചര്‍ച്ച നടക്കുകയാണെങ്കില്‍ പ്രധാനമന്ത്രിക്ക് നേരിട്ട് ബന്ധമുള്ള അഴിമതിയുടെ വിശദാംശം പുറത്തുവിടും എന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിക്കെതിരായ ആരോപണം രാഹുല്‍ഗാന്ധിക്ക് ഇന്നും ലോക്‌സഭയില്‍ ഉന്നയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മോക്പാര്‍ലമെന്റ് നടത്തുന്ന കാര്യം കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു ബദല്‍ സമ്മേളനം നടത്തി രാഹുലിനു പ്രസംഗിക്കാന്‍ അവസരം നല്‍കുകയെന്നതാണു പരിഗണനയിലുള്ള നിര്‍ദേശം.

ഇന്നു രാവിലെ ചേരുന്ന പ്രതിപക്ഷ എംപിമാരുടെയും നേതാക്കളുടെ യോഗമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

ഇതിനിടെ ചര്‍ച്ച പോലും അനുവദിക്കാതിരുന്ന സര്‍ക്കാര്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷ കക്ഷികളുടെ എംപിമാര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ടപതി പ്രണാബ് മുഖര്‍ജിയെ സന്ദര്‍ശിക്കും.

നവംബര്‍ 16നാണ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത്. ആരംഭം മുതല്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട  അഴിമതികളെ തുടര്‍ന്ന് നിത്യവും സഭാനടപടികള്‍ തടസ്സപ്പെട്ടിരുന്നു.