മേനകാ ഗാന്ധിയുടെ വീടിനു സമീപത്ത് വെച്ച് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എക്ക് പട്ടി കടിയേറ്റു

single-img
15 December 2016

eldhose_kunnappilly_760x400-1
പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പള്ളിയ്ക്ക് തെരുവ് നായ് ആക്രമണത്തില്‍ പരുക്ക് . ഇന്ന്‍ പുലര്‍ച്ചെ ഡല്‍ഹി കേരളാ ഹൌസ് പരിസരത്ത് വച്ചാണ് എല്‍ദോസിനെ തെരുവ് നായ് കടിച്ചു പരിക്കേല്പിച്ചത് . രാത്രി വൈകി ഫോണ്‍ വിളിച്ചുകൊണ്ട് കേരളാ ഹൗസ് പരിസരത്ത് നടക്കുമ്പോള്‍ തെരുവ് നായ് ആക്രമിക്കുകയായിരുന്നു .കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ റോഡിലാണ് കേരളാഹൗസും. നായ്‌ക്കളെ കൊല്ലുന്നതിനെതിരെ ശക്തമായ നിലപാട് എടുത്ത ആളാണ് എല്‍ദോസ് കുന്നപ്പള്ളി

പട്ടികള്‍ അടുത്ത് വന്നപ്പോള്‍ മൃഗസ്നേഹി ആയതുകൊണ്ട് തന്നെ അത്ര കാര്യമാക്കിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഓടിയെത്തിയ രണ്ട് പട്ടികളും ചേര്‍ന്ന് ആക്രമിച്ചു. പട്ടിയുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന് വലിയ മുറിവ് പറ്റി. ധരിച്ചിരുന്ന പാന്റസും പട്ടികള്‍ കടിച്ച് കീറിയെന്നും എം.എൽ.എ പറഞ്ഞു.

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ മൃഗസ്നേഹികളെ പങ്കെടുപ്പിച്ച് എല്‍ദോസ് കുന്നപ്പള്ളി പരിപാടി സംഘടിപ്പിച്ചിരുന്നു.ചടങ്ങിൽ രഞ്ജിനി ഹരിദാസ് അടക്കമുള്ളവർ പങ്കെടുത്തിരുന്നു.തെരുവ് നായ്ക്കളെ കൊന്നൊടുക്കില്ല എന്ന നിലപാടാണു അന്ന് എല്‍ദോസ് കുന്നപ്പള്ളി സ്വീകരിച്ചത്.മാത്രമല്ല തെരുവ് നായ്ക്കളെ ഏറ്റെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും തീരുമാനമെടുത്തിരുന്നു.