നാട്ടുകാരെ ചുറ്റിച്ച് വിലസിയ “പ്രേതത്തെ” ഓടിച്ചിട്ട് കടിച്ചത് പ്രസവിച്ചുകിടന്ന പട്ടി

single-img
15 December 2016

dog-running-clipart-animalgals-aiityi-clipart

ആലപ്പുഴ: രണ്ടാഴ്ചയിലേറെയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന “പ്രേതം” തെരുവുനായയുടെ ശൗര്യത്തിന് മുന്നിൽ കീഴടങ്ങി.കൈതവന പ്രദേശത്തെ വീടുകളിൽ രാത്രികാലങ്ങളിൽ വെളുത്ത വസ്ത്രം ധരിച്ച് തലയിൽ കെട്ടുമായെത്തുന്നയാൾ കതകിൽ തട്ടുകയും കോളിംഗ് ബെൽ അടിക്കുകയും ചെയ്യുന്ന സംഭവവമുണ്ടായത്. രാത്രികാലങ്ങളിൽ പ്രദേശത്തെ റോഡുകളിലൂടെ സഞ്ചരിക്കുന്നവർക്കു മുന്നിൽ അപ്രതീക്ഷിതമായെത്തുന്ന ഈ രൂപം പലരെയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നാട്ടുകാരെ ചുറ്റിച്ച് വിലസുന്നതിനിടെയാണു വില്ലനു തെരുവ് നായയുടെ കടിയേറ്റത്.

പട്ടിയുടെ കുരകേട്ട് നാട്ടുകാർ ഉണർന്നുവെങ്കിലും ഭയംമൂലം പുറത്തിറങ്ങിയിരുന്നില്ല. പട്ടിയെ ഓടിക്കുന്നതിനായുള്ള പുരുഷശബ്ദം കേൾക്കുകയും ചെയ്തിരുന്നു. പുലർച്ചെ നോക്കിയപ്പോഴാണ് സ്‌ഥലത്ത് ചോരപ്പാടുകൾ കണ്ടത്. പട്ടിയുടെ ആക്രമണത്തിന് ശേഷം പ്രദേശത്ത് “പ്രേതത്തിന്റെ” ശല്യം ഇല്ലാതായിരിക്കുകയാണ്.

ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പ്രദേശവാസികളും പോലീസുമുൾപ്പെടെ തിരച്ചിൽ നടത്തിയിട്ടും പിടികൂടാൻ കഴിയാതിരുന്ന പ്രേതത്തെയാണു പ്രസവിച്ചുകിടന്ന പട്ടി ഓടിച്ചിട്ട് കടിച്ചത്. ഏന്തായാലും തെരുവു നായയെ കൊണ്ടു പ്രേതത്തിന്റെ ശല്യമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരിപ്പോൾ.