നോട്ട് അസാധുവാക്കലില്‍ വെനസ്വേലയിലും പ്രതിസന്ധി; മഡുറോയ്ക്കെതിരെ വെനസ്വേല അസംബ്ലിയില്‍ പ്രമേയം

single-img
15 December 2016

nicolas-maduro
കരാക്കസ്: നോട്ട് അസാധുവാക്കിയ തീരുമാനത്തില്‍ വെനസ്വേലയിലും പ്രതിസന്ധി. 100 ബൊളിവര്‍ ബില്ലിന്റെ വെനസ്വേലന്‍ കറന്‍സി അസാധുവാക്കുന്നതായി ഞായറാഴ്ച നടത്തിയ പ്രസംഗത്തിലാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോ പ്രഖ്യാപിച്ചത്. രാജ്യത്തെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ മഡുറോയുടെ നടപടിയെ വിമര്‍ശിച്ച് അസംബ്ലി പ്രമേയം പാസാക്കി. നോട്ട് അസാധുവാക്കല്‍ തീരുമാനം വെനസ്വേലയുടെ ഭരണഘടനാപ്രതിസന്ധിക്ക് കാരണമായെന്നാണ് അസംബ്ലിയുടെ വിമര്‍ശം.

സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അംഗങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു പ്രമേയം പാസാക്കിയത്. അസാധുവാക്കപ്പെട്ട 100 ബൊളിവര്‍ ബില്‍ പത്തുദിവസത്തിനുള്ളില്‍ കുറഞ്ഞ മൂല്യമുള്ള നാണയമാക്കി മാറ്റിയെടുക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ ബാങ്കുകളില്‍ വലിയ തിരക്കാണുള്ളത്. രാജ്യത്ത് പണപ്പെരുപ്പം വലിയതോതില്‍ ഉയര്‍ന്നതും കൊളംബിയ, ബ്രസീല്‍ എന്നിവിടങ്ങളിലെ അന്തര്‍ദേശീയ മാഫിയാസംഘങ്ങള്‍ 100 ബൊളിവര്‍ ബില്ലുകള്‍ പൂഴ്ത്തിവെയ്ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയെന്നാണ് മഡുറോ പറഞ്ഞത്.