ബേക്കറി പലഹാരങ്ങള്‍ വാങ്ങി കഴിക്കുമ്പോള്‍ സൂക്ഷിക്കുക; കൊള്ള ലാഭത്തിനായി ചേര്‍ക്കുന്നത് അറവു മാലിന്യങ്ങള്‍ ഉരുക്കിയുണ്ടാക്കിയ മൃഗക്കൊഴുപ്പ്

single-img
15 December 2016

pork20100915

കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പ് മികച്ച പ്രവര്‍ത്തനം നടത്തുമ്പോളും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുന്ന നിരവധി വസ്തുക്കളാണ് നമുക്ക് പുറത്തു നിന്നും കഴിക്കാനായി കിട്ടുന്നത്. ഹോട്ടലുകളില്‍ നിന്നും മറ്റും പഴകിയ ഭക്ഷണങ്ങള്‍ക്ക് പുറമെ വേവിക്കാത്ത മാസം വിതരണം ചെയ്തു എന്നു പറഞ്ഞ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിനു പുറമെ ചുട്ടെടുക്കുന്ന പലഹാരങ്ങളിലും നെയ്യിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന മൃഗക്കൊഴുപ്പ് വ്യാപകമായി ചേര്‍ക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പരക്കുന്നത്.

അറവ് മാലിന്യം ഉരുക്കിയെടുത്താണ് ദുര്‍ഗന്ധം വമിക്കുന്ന മൃഗക്കൊഴുപ്പ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഉണ്ടാക്കുന്നത്. മൃഗക്കൊഴുപ്പ് രഹസ്യമായി ഉണ്ടാക്കി വില്‍ക്കുന്നതിനായി പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം ചവറ പാലത്തിനടിയിലുള്ള ഒരു കേന്ദ്രത്തില്‍ അറവ് മാലിന്യ ഉപയോഗിച്ച് മൃഗക്കൊഴുപ്പുണ്ടാക്കുന്നതായാണ് വിവരം ലഭിച്ചത്.

വിവിധ ഇടങ്ങളില്‍ നിന്നും അതിരാവിലെ തന്നെ ഇറച്ചി മാലിന്യം വാഹനങ്ങളില്‍ ഇവിടെ എത്തിക്കും. പിന്നെ സമീപത്തുള്ള ജലാശയത്തില്‍ ഇവ കൂട്ടിയിട്ട് കഴുകും. ഈ പ്രദേശത്തെല്ലാം അസഹനീയമായ ദുര്‍ഗന്ധമാണ്. ഇറച്ചിമാലിന്യം തിളപ്പിച്ച് ഉരുക്കുന്നതിനായുള്ള വലിയ പാത്രങ്ങളും മറ്റും ഈ കേന്ദ്രത്തിനകത്തുണ്ട്. വാഹനത്തില്‍ കയറ്റി മൃഗക്കൊഴുപ്പ് കൊല്ലത്തെ പ്രധാനപ്പെട്ട രണ്ട് ബേക്കറികളിലേക്കാണ് കൊണ്ടുപോവുന്നത്.

പഫ്സ് പോലുള്ള ചുട്ടെടുക്കുന്ന പലഹാരങ്ങളുണ്ടാക്കുന്ന സ്ഥലത്താണ് ഇവ എത്തിക്കുന്നത്. നിലവാരം കുറഞ്ഞ ചില അലക്ക് സോപ്പുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കാറുണ്ട്. പക്ഷേ നെയ്യും ഡാള്‍ഡയും ചേര്‍ത്തുണ്ടാക്കുന്ന, പഫ്സ് പോലെ ചുട്ടെടുക്കുന്ന പലഹാരം വിലക്കുറച്ച് വില്‍ക്കുന്നതിനായാണ് ചില ബേക്കറികള്‍ ഈ കൃത്രിമം കാണിക്കുന്നത്. കൊള്ളലാഭമാണ് ഇത്തരക്കാരുടെ ലക്ഷ്യം.

ഇത്തരത്തില്‍ വൃത്തിഹീനമായി തയ്യാറാക്കുന്ന കൊഴുപ്പ് ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്നത് വയറിളക്കം പോലുള്ള ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാവും മൃഗക്കൊഴുപ്പ് വീണ്ടും ഉരുക്കി പലഹാരങ്ങളില്‍ ചേര്‍ക്കുന്നത് ക്യാന്‍സര്‍ വരെ ഉണ്ടാക്കാമെന്ന് വിദഗ്ദര്‍ പറയുന്നു. കൂടുതല്‍ പരിശോധനയ്ക്കായി മൃഗക്കൊഴുപ്പ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് കൈമാറി. അഞ്ച് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.