മട്ടാഞ്ചേരി പാലം പണിതത് 18 കോടി, ടോള്‍ പിരിച്ചത് 144 കോടിക്ക്, ഇപ്പോഴിതാ വീണ്ടും നഷ്ടപരിഹാരവും; ജനങ്ങളുടെ പ്രതിഷേധം അവഗണിച്ച് ഗാമണ്‍ ഇന്ത്യക്ക് 16.23 കോടി നഷ്ടപരിഹാരം

single-img
15 December 2016

mattanchery_bridge_1497418f

ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് മട്ടാഞ്ചേരി ബിഒടി പാലത്തിന്റെ ടോള്‍ പിരിവ് നിര്‍ത്തിയ ഗാമണ്‍ ഇന്ത്യ കമ്പനിക്ക് നഷ്ടപരിഹാരമായി 16.23 കോടി രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 18 കോടി രൂപയ്ക്ക് പാലം നിര്‍മ്മിച്ച കമ്പനി ടോളായി 144 കോടി പിരിച്ചെടുത്തിരുന്നു. ഇതിന് പുറമേ വീണ്ടും നഷ്ടപരിഹാരം നല്‍കുന്നത് വിവാദമായി കഴിഞ്ഞു.

കാലാവധി കഴിയും വരെ ടോള്‍ പിരിച്ച കമ്പനിക്ക് വീണ്ടും നഷ്ടപരിഹാരം നല്‍കുന്നതും വിവാദമായിരിക്കുകയാണ്. കേരളത്തിലെ ആദ്യ ബിഒടി പാലമാണിത്. പാലത്തിന്റെ നിര്‍മ്മാണ ചെലവ് 18 കോടി രൂപയാണെന്ന് എഗ്രിമെന്റില്‍ പറയുന്നു. ടോള്‍ പിരിച്ചെടുക്കാന്‍ ഏഴ് കോടി ചെലവാകുമെന്നും ലാഭവവും ചേര്‍ത്ത് 30 കോടി പിരിച്ചെടുക്കാനുമാണ് ധാരണയുണ്ടായിരുന്നത്.

2001ലാണ് ബിഒടി പാലം തുറന്നു കൊടുത്തത്. 2013 ജൂലൈ വരെ ടോള്‍ പിരിക്കാനാണ് അനുമതിയുണ്ടായിരുന്നത്. ഈ കാലാവധി മുഴുവന്‍ ടോള്‍ പിരിവും നടത്തി. ഗാമണ്‍ ഇന്ത്യ നല്‍കിയ കണക്ക് പ്രകാരം 50 കോടി രൂപ പിരിച്ചെടുത്തുവെന്നാണ് ജിസിഡിഎ പറയുന്നത്. അതേസമയം 2003ല്‍ പ്രസിദ്ധീകരിച്ച അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് അനുസരിച്ച 143.87 കോടി കമ്പനി പിരിച്ചെടുത്തുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

വര്‍ഷാവര്‍ഷം ടോള്‍ കൂട്ടാനുള്ള കമ്പനിയുടെ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. കൂടാതെ മള്‍ട്ടിപ്പിള്‍ പാസ് അനുവദിക്കുകയും ചെയ്തു. ഇത് മൂലം നഷ്ടമുണ്ടായെന്നും ആറ് വര്‍ഷത്തേക്ക് കൂടി ടോള്‍ പിരിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. എല്ലാ വര്‍ഷവും 1.54 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ഇതനുസരിച്ച് 2005ല്‍ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമുണ്ടായി. ഇത് ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഇടയാക്കിയതോടെ ഖാലിദ് മുണ്ടപ്പള്ളി സമൂഹിക പ്രവര്‍ത്തകന്‍ കോടതിയെ സമീപിച്ചു. അതോടെ കോടതി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി.

പിന്നീട് ടോള്‍ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടും കമ്പനി കോടതിയെ സമീപിച്ചെങ്കിലും ആ കേസും തള്ളി. തുടര്‍ന്ന് ജിസിഡിഎ ചെയര്‍മാന്‍ ഇടപെട്ട് ടോള്‍ പിരിവ് നിര്‍ത്തിവയ്പ്പിച്ചിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കമ്പനി വാദം ഉയര്‍ത്തിയതോടെ അത് ആര്‍ബിട്രേഷന് വിട്ടു. എന്നാല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ശരിയായ വാദം ഉയര്‍ത്തിയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടെയിലാണ് ഇപ്പോള്‍ വീണ്ടും നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിസഭാ തീരുമാനത്തെ നിയമപരമായി നേരിടാന്‍ ഒരുങ്ങുകയാണ് പല സമര സംഘടനകളും.