ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബത്തിന് ഹെലികോപ്റ്റര്‍ ഇടപാടുമായി 120 കോടി നല്‍കിയെന്ന് വെളിപ്പെടുത്തല്‍

single-img
15 December 2016

christan-michel

ന്യൂഡല്‍ഹി: കോടികളുടെ അഴിമതി കേസുകള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ മണ്ടന്മാരാവുന്നത് സാധാരണക്കാരായ ജനങ്ങള്‍ മാത്രമാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നോട്ടു നിരോധനത്തില്‍ അഴിമതി നടത്തിയതിന് തെളിവുകള്‍ ഉണ്ടെന്നു പറഞ്ഞു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതിന് പിന്നാലെ, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് 450 കോടി രൂപ ഇന്ത്യയിലെ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കോഴയായി നല്‍കിയെന്നും ഇതില്‍ 120 കോടി രൂപ ഇന്ത്യയിലെ ഒരു പ്രമുഖ രാഷ്ട്രീയ കുടുംബത്തിനാണ് നല്‍കിയതെന്നും വെളിപ്പെടുത്തല്‍. ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടനിലക്കാരന്റെ ഡയറിയിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ആയുധ ഇടപാടുകാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റേതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഈ ഡയറിക്കുറിപ്പുകള്‍. പുതിയ സാഹചര്യത്തില്‍ ഈ കേസ് പാര്‍ലമെന്റില്‍ ഉന്നയിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. നോട്ട് അസാധുവാക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ പോലും അഴിമതി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മികച്ച പ്രതിരോധ കവചമായാണ് ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകളെ ബിജെപി കാണുന്നത്. കേസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു.

ഇടപാടിലെ ക്രമക്കേട് 2011 ഓഗസ്റ്റിലാണു പുറത്തുവന്നത്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് അഴിമതിക്കേസില്‍ വ്യോമസേനാ മുന്‍ മേധാവി എസ്.പി.ത്യാഗി, അദ്ദേഹത്തിന്റെ ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന്‍ ഗൗതം ഖേതാന്‍ എന്നിവരെ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയതിരുന്നു. അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്ന് 12 എഡബ്ല്യു-101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. ഇറ്റലിയിലെ വന്‍ വിമാനനിര്‍മാണ കമ്പനിയായ ഫിന്‍ മെക്കാനിക്കയുടെ മേധാവി ഗിസപ്പെ ഓര്‍സിയെ ഇറ്റലിയില്‍ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു കോഴയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഉടന്‍ സിബിഐ അന്വേഷണത്തിന് ആന്റണി ഉത്തരവിടുകയായിരുന്നു.