ഏറ്റവും കുറവ് വിദ്യാഭ്യാസമുള്ളത് ഹിന്ദുക്കള്‍ക്കെന്ന് പഠനം; ഏറ്റവുമധികം വിദ്യാഭ്യാസമുള്ളത് ജൂതന്മാര്‍ക്ക്

single-img
15 December 2016

hindu

ലോകത്തെ പ്രമുഖ മത വിഭാഗങ്ങളില്‍ ഏറ്റവും കുറവ് വിദ്യാഭ്യാസമുള്ളത് ഹിന്ദുക്കള്‍ക്കാണെന്ന് പഠന റിപ്പോര്‍ട്ട്. അതേസമയം ഏതാനും പതിറ്റാണ്ടുകളായി ഹിന്ദുക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി.

ജൂതന്മാര്‍ക്ക് ഏറ്റവുമധികം വിദ്യാഭ്യാസമുള്ളത്. 41 ശതമാനം ഹിന്ദുക്കള്‍ക്കും ഔദ്യോഗികമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുന്‍കാലങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ശരാശരി 3.4 വര്‍ഷം വരെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5.6 വര്‍ഷം വരെ ലഭിക്കുന്നുണ്ട്. ഹിന്ദു സ്ത്രീകളും മുന്‍കാലങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തില്‍ ഏറെ മുന്നിലെത്തിയിട്ടുണ്ടെങ്കിലും വിദ്യാസമ്പന്നരായ സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും ഹിന്ദുക്കള്‍ തന്നെയാണ് ഏറ്റവും പിന്നില്‍. പ്യൂ റിസര്‍ച്ച് സെന്റര്‍ ആണ് പഠനം നടത്തിയത്.

സമീപകാലത്തായാണ് ഹിന്ദുക്കളും മുസ്ലിംകളും വിദ്യാഭ്യാസത്തില്‍ കുതിപ്പ് ആരംഭിച്ചത്. 151 രാജ്യങ്ങളില്‍ നടത്തിയ സെന്‍സസില്‍ നിന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുസ്ലിം സ്ത്രീകള്‍ക്ക് ശരാശരി 4.9 വര്‍ഷം വരെ ലഭിക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് 6.4 വര്‍ഷം വരെയാണ് വിദ്യാഭ്യാസം ലഭിക്കുന്നത്. അതേസമയം ഹിന്ദു സ്ത്രീകള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ശരാശരി 2.7 വര്‍ഷം പുരുഷന്മാര്‍ക്ക് അധികമായി സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കുന്നു.

ലോകത്തിലെ 53 ശതമാനം ഹിന്ദു സ്ത്രീകള്‍ക്കും വിദ്യാഭ്യാസം ലഭിക്കുന്നില്ല. അതേസമയം പുരുഷന്മാരുടെ എണ്ണം ഇത് 29 ശതമാനം മാത്രമാണ്. പുതിയ തലമുറയില്‍ 38 ശതമാനം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തപ്പോള്‍ 20 ശതമാനം പുരുഷന്മാര്‍ക്ക് മാത്രമേ ഈ അവസ്ഥയുള്ളൂ. ലോകത്തിലുള്ള ഹിന്ദുക്കളുടെ 94 ശതമാനവും ഇന്ത്യയിലാണ് ജീവിക്കുന്നത്. 2.3 ശതമാനം നേപ്പാളിലും 1.2 ശതമാനം ബംഗ്ലാദേശിലും ജീവിക്കുന്നു. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് ശരാശരി 5.5 വര്‍ഷവും നേപ്പാളിലും ബംഗ്ലാദേശിലും 3.9, 4.6 വര്‍ഷങ്ങള്‍ വീതവുമാണ് വിദ്യാഭ്യാസം ലഭിക്കുന്നത്.

ഏഷ്യ-പസഫിക് മേഖലയ്ക്ക് പുറത്ത് ഹിന്ദുക്കള്‍ വളരെ ചെറിയ ന്യൂനപക്ഷമാണ്. എന്നാല്‍ അവിടങ്ങളില്‍ ഏറ്റവുമധികം വിദ്യാഭ്യാസം ലഭിക്കുന്ന വിഭാഗവും ഇതാണ്. അമേരിക്കയിലെ ഹിന്ദുക്കള്‍ക്ക് 15.7 വര്‍ഷം വരെയും യൂറോപ്പില്‍ 13.9 വര്‍ഷം വരെയും ശരാശരി വിദ്യാഭ്യാസം ലഭിക്കുന്നു.