വര്‍ഷത്തില്‍ രണ്ട് കുഞ്ഞുണ്ടായ നാണക്കേടില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച ദമ്പതിമാരെ അറസ്റ്റ് ചെയ്തു; മാനം കാക്കാന്‍ കൊടും ക്രൂരത നടത്തിയത് ഇവിടെ കേരളത്തില്‍

single-img
15 December 2016

 

പിടിയിലായ ഷെഫീഖ്

പിടിയിലായ ഷെഫീഖ്

ആലുവ: ഒരു വര്‍ഷത്തിനിടെ രണ്ട് കുഞ്ഞുങ്ങള്‍ ഉണ്ടായതിന്റെ നാണക്കേടില്‍ ചോരക്കുഞ്ഞിനെ വഴിയരികില്‍ ഉപേക്ഷിച്ച ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ആലുവ അല്‍അമീന്‍ നഗറില്‍ താമസിക്കുന്ന ഷെഫീക്ക്-സിലിജ ദമ്പതികളാണ് അറസ്റ്റിലായത്.

നാണക്കേട് മാറ്റാന്‍ വേണ്ടിയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കുഞ്ഞിന്റെ അമ്മ തന്നെ പോലീസിനോട് വെളിപ്പെടുത്തി. രാവിലെ നടക്കാനിറങ്ങിയവരാണ് നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ആ ദിവസങ്ങളില്‍ പ്രസവം നടന്നവരുടെയും പൂര്‍ണഗര്‍ഭിണികളായിരുന്നവരുടെയും വിവരം ശേഖരിച്ചതില്‍ നിന്നും ഷെഫീക്കിനെയും സിലിജയെയും കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടക്കത്തില്‍ ചോദ്യം ചെയ്യലില്‍ ഷെഫീക്കും സിലിജയും സംഭവം സമ്മതിച്ചു കൊടുക്കാന്‍ തയ്യാറായില്ല. സിലിജയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പ്രസവം നടന്നതായി സ്ഥിരീകരിച്ചു. കുട്ടി ഇപ്പോള്‍ ശിശു ക്ഷേമസമിതിയുടെ സംരക്ഷണയിലാണ്.

ഷെഫീക്കിനും സിലിജയ്ക്കും ഉപേക്ഷിച്ച കുട്ടിയെ കൂടാതെ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമുണ്ട്. രണ്ടാമത്തെ കുട്ടിക്ക് ഒരു വയസ് തികയുന്നതിന് മുമ്പാണ് മൂന്നാമത്തെ കുഞ്ഞ് ജനിച്ചത്. ഇടവേളയില്ലാതെ പ്രസവിക്കുന്നെന്ന മാനക്കേട് ഒഴിവാക്കാനാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു സിലിജ പറഞ്ഞത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു പ്രസവം. ചൊവ്വാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ പിതാവ് ഷെഫീഖ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. കസ്റ്റഡിയിലുള്ള ഷെഫീക്കിനെ കോടതിയില്‍ ഹാജരാക്കി. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്താല്‍ അമ്മ സിലിജയെയും കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.