ദേശീയഗാനം ആലപിച്ച് കമലിനെതിരെ പ്രതിഷേധം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

single-img
15 December 2016
ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍

ദേശീയ ഗാനത്തെ അപമാനിക്കുന്നതിന് കൂട്ടുനിന്നുവെന്ന് ആരോപിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍

തൃശൂര്‍: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിച്ച് പ്രതിഷേധം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാനാകില്ലെന്ന് കൊടുങ്ങല്ലൂര്‍ പോലീസ് അറിയിച്ചു. പൊതുവഴിയില്‍ ദേശീയഗാനം ആലപിക്കുന്നതിന് വിലക്കില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്.

മാത്രമല്ല, ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനത്തെ അപമാനിച്ചിട്ടില്ലെന്നും നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് തന്നെയാണ് അവര്‍ ദേശീയ ഗാനം ആലപിച്ചതെന്നും പോലീസ് അറിയിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചിലര്‍ ഇരിക്കുകയായിരുന്നെന്ന വാദവും പോലീസ് തള്ളിക്കളഞ്ഞു. ഇക്കാര്യം വീഡിയോയില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.

കമലിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെയാണ് റവല്യൂഷണറി യൂത്ത് ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയത്. ദേശീയഗാനത്തെ അപമാനിച്ചു എന്നാണ് ഇവരുടെ പരാതി. സമയക്രമം തെറ്റിച്ചും സഞ്ചരിച്ചുകൊണ്ടും ദേശീയഗാനം ആലപിച്ചതെന്നും ഇരിങ്ങാലക്കുട എസ്പി മെറിന്‍ ജോസഫിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ദേശീയ ഗാനത്തെ അപമാനിച്ചു എന്ന് ആരോപിച്ചാണ് കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിന് മുന്നിലും തിരുവനന്തപുരം കൈരളി തിയറ്ററിന് മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിച്ചായിരുന്നു പ്രതിഷേധം. കമലിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് വഴിയില്‍ നിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. കമല്‍ മാപ്പ് പറയണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. തിരുവനന്തപുരത്ത് കലാഭവന്‍ തിയറ്ററിന് മുന്നില്‍ കമലിന്റെ കോലം കത്തിക്കുകയും ചെയ്തു.

ദേശീയഗാനത്തിന് എഴുന്നേറ്റ് നില്‍ക്കാത്തവരെ ഇനി തിയറ്ററില്‍ നിന്നും അറസ്റ്റ് ചെയ്യില്ലെന്ന കമലിന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സിനിമ പ്രദര്‍ശനത്തിന് മുമ്പ് ദേശീയഗാനം ആലപിക്കണമെന്ന വിധിയില്‍ നിന്നും തിരുവനന്തപുരം ചലച്ചിത്ര മേളയെ ഒഴിവാക്കണമെന്ന് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരി കമലാണ്.