നോട്ട് അസാധുവാക്കിയതിൽ അഴിമതി:മോദിയ്ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ബിജെപി;തെളിവുകളുണ്ടായിരുന്നൂവെങ്കില്‍ ഇതിനകം ‘ഭൂകമ്പം’ നടത്തിയേനെ.

single-img
14 December 2016

rahul-660_091212081737

ദില്ലി: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതൃത്വം രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മേല്‍ അഴിമതി ആരോപണം ഉന്നയിച്ചതിനെതിരെ പ്രതികരിച്ചു കൊണ്ടാണ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നത്. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തെളിവുകളുണ്ടായിരുന്നെങ്കില്‍ 20 ദിവസം മുമ്പ് തന്നെ അവ പുറത്ത് വിട്ടു കോണ്‍ഗ്രസ് ഭൂകമ്പമുണ്ടാക്കുമായിരുന്നൂവെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി ആനന്ത് കുമാര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ പക്കല്‍ തെളിവുകളുണ്ടായിരുന്നൂവെങ്കില്‍ ഇതിനകം ഭൂകമ്പം നടത്തിയേനെയെന്ന് ആനന്ത് കുമാര്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് ക്ഷമ നഷ്ടപ്പെട്ടൂവെന്ന് സൂചിപ്പിച്ച ആനന്ത് കുമാര്‍, സഭയുടെ ആദ്യ ദിനം മുതല്‍ക്കെ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തി വരികയാണെന്ന് വ്യക്തമാക്കി. അതേസമയം, നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്രം ചര്‍ച്ചയ്ക്ക് ഒരുങ്ങിയിട്ടും എന്തിനാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും സഭ നിരന്തരം തടസ്സപ്പെടുത്തിയതെന്ന് വെങ്കയ്യ നായിഡു മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി സംസാരിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രാഹുല്‍ ഗാന്ധി സംസാരിച്ചാല്‍ കോണ്‍ഗ്രസിന്റെ മുഖപടം അഴിയുമെന്നും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്കര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രധാനമന്ത്രി അഴിമതി നടത്തിയതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അത് വെളിപ്പെടുത്തുമെന്ന് ഭയന്നാണ് ലോകസഭയില്‍ തന്നെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. നോട്ടുനിരോധന വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രി ഒളിപ്പോടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി വ്യക്തിപരമായി നടത്തിയ അഴിമതിയെക്കുറിച്ചാണ് തന്റെ പക്കല്‍ തെളിവുള്ളത്. ഇത് വെളിപ്പെടുത്തിയാല്‍ പ്രധാനമന്ത്രിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പ്രതിച്ഛായ നഷ്ടപെടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ടാണോ അഴിമതിയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രാഹുല്‍ഗാന്ധി വ്യക്തമായ മറുപടി നല്‍കിയില്ല. വാര്‍ത്താസമ്മേനത്തില്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം പ്രതിപക്ഷനേതാക്കളും സന്നിഹിതരായിരുന്നു.

നോട്ടുനിരോധന വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍, പാര്‍ലമെന്റില്‍ താന്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രിയ്ക്ക് ഭയമാണ്. ഇതാണ് തന്നെ സഭയില്‍ പ്രസംഗിക്കാന്‍ അനുവദിക്കാത്തതും, മോദി പാര്‍ലമെന്റില്‍ ഒളിച്ചുകളിക്കുന്നതും. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ സഭയില്‍ ചര്‍ച്ച നടത്താനും പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി വെല്ലുവിളിക്കുകയായിരുന്നു.