അസാധുവാക്കിയ 3.25 കോടി രൂപയുടെ നോട്ടുകള്‍ ദില്ലിയില്‍ നിന്നും പിടികൂടി, സംഭവത്തില്‍ 5 പേർ കസ്റ്റഡിയിൽ

single-img
14 December 2016

notes_0ദില്ലി : ഡൽഹി കരോൾ ബാഗിലെ തക്ഷ് ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്തമായി നടത്തിയ തെരച്ചിലിൽ 3,25 കോടി രൂപയുടെ അസാധു നോട്ട് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്ന് ദില്ലിയിലെ ഹോട്ടല്‍ തഷ്‌ക് ഇന്നലെ 202, 206 നമ്പര്‍ മുറികളില്‍ പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് അസാധുവാക്കിയ നോട്ടുകള്‍ പിടിച്ചെടുത്തത്. റൂമിലുണ്ടായിരുന്ന അന്‍സാരി അബുസര്‍, ഫസല്‍ ഖാന്‍, അന്‍സാരി അഫാന്‍, ലാദു രാം, മഹാവീര്‍ സിംഗ് എന്നിവരാണ് പിടിയിലായത്.

വിവിധ സ്യൂട്ട് കേസുകളിലും കാര്‍ഡ് ബോര്‍ഡ് പെട്ടികളിലുമായാണ് പണം സൂക്ഷിച്ചിരുന്നത്. വിമാനത്താവളത്തിലെ സ്‌കാനറിന് കണ്ടുപിടിക്കാനാകാത്ത തരത്തില്‍ ടേപ്പുകളും വയറുകളും കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു പണം. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല ഇടപാടുകാരുടേതാണ് പണമെന്ന് സംശയിക്കുന്നതായി ആദായനികുതി വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. പിടിയിലായവരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും മറ്റും പോലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞദിവസം ദില്ലിയിലെ ഗ്രേറ്റര്‍ കൈലാഷ് ഏരിയയിലെ ഒരു നിയമസ്ഥാപനത്തില്‍ നിന്നും 13.5 കോടിയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് പിടികൂടിയിരുന്നു. ഇവിടെ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ റെയ്ഡ്. ദില്ലിയിലെ ടി ആന്റ്ടി ലോ ഫേമില്‍ നിന്നും 2.5 കോടിയുടെ പുതിയ നോട്ടുകളും ബാക്കി അസാധുനോട്ടുകളുമാണ് പിടിച്ചെടുത്തത്.