നോട്ടുനിരോധനത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും;അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപിയും കോണ്‍ഗ്രസും;ഇന്ന് ഡല്‍ഹിയില്‍ യു.ഡി.എഫ് ധര്‍ണ

single-img
14 December 2016

pm-modi-parliament-pti_650x400_51456250314നാല് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന പാര്‍ലമെന്റ് പ്രക്ഷുബ്ധമായേക്കും. ബിജെപിയും കോണ്‍ഗ്രസ്സും തങ്ങളുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ മുഴുവന്‍ അംഗങ്ങളുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്താനാണ് വിപ്പ്. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭരണപക്ഷവും പ്രതിപക്ഷവും രാവിലെ യോഗം ചേരും.
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്ന ആവശ്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ വോട്ടെടുപ്പില്ലാത്ത ചര്‍ച്ച ആകാമെന്ന് ഭരണപക്ഷം പറയുന്നു. പ്രതിപക്ഷം തങ്ങളുടെ ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ശീതകാല സമ്മേളനം തുടങ്ങിയത് മുതല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്. സഭാ സ്തംഭനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു.
അതേസമയം സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷനരി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക എന്നീ വിഷയങ്ങള്‍ ഉന്നയിച്ച് ഇന്ന് ഡൽഹിയിൽ യു.ഡി.എഫ് ധർണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, ജനതാദള്‍ യു നേതാവ് എംപി വീരേന്ദ്രകുമാര്‍, ആര്‍എസിപി നേതാവ് എന്‍കെ പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്, സുധീരന്‍ എന്നിവര്‍ക്കു പുറമേ യു.ഡി.എഫിലെ വിവിധ കക്ഷി നേതാക്കളും ധര്‍ണയില്‍ പങ്കെടുത്ത് സംസാരിക്കും. ജന്തര്‍ മന്തറില്‍ നടക്കുന്ന ധര്‍ണ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് നേതാക്കള്‍ ഇന്നലെ രാഷ്ട്രപതിയെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രതിസന്ധികള്‍ സംഘം രാഷ്ട്രപതിയെ ധരിപ്പിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതിയെ അറിയിച്ചു.