ചലച്ചിത്ര മേളയില്‍ ദേശീയ ഗാന വിവാദം: കോടിയേരി രംഗത്ത്; എഴുന്നേറ്റ് നില്‍ക്കാന്‍ ഇഷ്ടമല്ലാത്തവര്‍ തിയറ്ററില്‍ പോകേണ്ട

single-img
13 December 2016

kodiyeri

കോട്ടയം: രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നതിനിടയില്‍ ദേശീയഗാനാലാപനം തിയേറ്ററുകളില്‍ പുതിയ പ്രശ്നങ്ങള്‍ക്ക് വഴിവെച്ചതുമായി ബന്ധപ്പെട്ട് അഭിപ്രായവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. ദേശീയഗാനത്തെ വൈകാരിക വിഷയമാക്കേണ്ടതില്ല. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ തിയറ്ററില്‍ പോകേണ്ടന്നും കോടിയേരി പറഞ്ഞു.

ചില കേന്ദ്രങ്ങളില്‍ നിന്ന് ഇതിനെ വൈകാരിക വിഷയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിനിമയ്ക്ക് മുന്‍പ് ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടവര്‍ മാത്രം അപ്പോള്‍ എത്തിയാല്‍ മതി. അല്ലാത്തവര്‍ അത് കഴിഞ്ഞെത്തിയാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ദേശീയഗാനത്തെ എഴുന്നേറ്റുനിന്ന് ആദരിക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. കോടതി വിധി നടപ്പാക്കുക സര്‍ക്കാരിന്റെ ചുമതലയാണെന്നും കോടിയേരി വ്യക്തമാക്കി.

ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്യണമെന്ന് സുപ്രിം കോടതി പറഞ്ഞിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ദേശീയ ഗാനത്തെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന എല്ലാ സ്ഥലങ്ങളിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് വ്യക്തിപരമായി ആഗ്രഹിക്കുന്നതെന്ന് മന്ത്രി എകെ ബാലനും പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ചലച്ചിത്രമേളയില്‍ സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിന് ഡെലിഗേറ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് താക്കീത് ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. വൈകീട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ഈജിപ്ഷ്യന്‍ ചിത്രമായ ക്ലാഷിന്റെ പ്രദര്‍ശനത്തിനിടെയാണ് സംഭവം. അഞ്ച് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനെ തുടര്‍ന്ന് ഇന്ന് ചലച്ചിത്ര മേളയില്‍ പ്രതിഷേധവും നടന്നു.

സിനിമ ഹാളില്‍ വില്‍ക്കാനുള്ള വില്‍പന ചരക്ക് അല്ല ദേശീയഗാനം എന്നും ദേശീയഗാനം തീയേറ്ററില്‍ കേള്‍പ്പിക്കുന്നത് ദേശീയ ഗാനത്തെ സൂപ്പര്‍ മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന്ന് തുല്യമാണ് എന്നും എഴുതിയ പ്ലാക്കര്‍ഡ് പിടിച്ചാണ് സനല്‍കുമാര്‍ ശശിധരന്റെ നേതൃത്വത്തില്‍ കാണികള്‍ പ്രതിഷേധിച്ചത്.

അതേ സമയം ദേശീയ ഗാനം പ്രദര്‍ശിക്കുമ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവരെ നിരീക്ഷിക്കാന്‍ കണ്‍ട്രോള്‍ റൂം എസിക്ക് ഡിജിപി ചുമതല നല്‍കി. അനാദരവ് കാട്ടുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ തീയേറ്ററിനകത്തേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഡെലിഗേറ്റുകളെ തീയറ്ററുകളില്‍ കയറി അറസ്റ്റ് ചെയ്താല്‍ മേള നിര്‍ത്തിവെയ്ക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ മുന്നറിയിപ്പ് നല്‍കി. ആവശ്യമെങ്കില്‍ പൊലീസുകാര്‍ക്ക് മഫ്തിയില്‍ പുറത്തു നില്‍ക്കാമെന്നും കമല്‍ പറഞ്ഞു.