ജയലളിതയെ ചികിത്സിച്ച അപ്പോളോയിലെയും വിവരങ്ങള്‍ ചോര്‍ത്തി; വിവരങ്ങള്‍ പുറത്തുവിട്ടാല്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്ന് ലീജിയണ്‍

single-img
13 December 2016

jayalalitha11

ഹാക്കര്‍മാരായ ലീജിയണിന്റെ വെളിപ്പെടുത്തല്‍ വീണ്ടും. ഇത്തവണ മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയുടെ സെര്‍വറിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് പറയുന്നത്.

ലോകത്തിലെ പ്രമുഖരുടെ സോഷ്യല്‍ മീഡിയ. ഇ-മെയില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ലീജിയണ്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ഐഎന്‍സിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു. രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ചോര്‍ത്തി നിരവധി രഹസ്യ വിവരങ്ങളും ലീജിയണ്‍ പുറത്ത് വിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ജയലളിതയുടെ ചികിത്സ, മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ത്തിയതായി വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.
പ്രത്യേക എന്‍ക്രിപ്റ്റഡ് മെസഞ്ചര്‍ വഴി വാഷിങ്ടണ്‍ പോസ്റ്റിനു നല്‍കിയി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങള്‍ ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ പുറത്തുവിടുകയാണെങ്കില്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നാണ് ലീജിയണ്‍ പറയുന്നത്.

സെപ്റ്റംബര്‍ 22 മുതലാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജ്ജലീകരണം എന്നിവയ്ക്കാണ് ചികിത്സ തേടിയത്. അന്ന് മുതലുള്ള ജയലളിതയെ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. വളരെ കുറച്ചുപേര്‍ മാത്രമാണ് ആശുപത്രിവാസത്തിനിടെ ജയലളിതയെ കണ്ടത്. ഡിസംബര്‍ 5ന് മുന്‍പ് തന്നെ ജയലളിത മരിച്ചിരുന്നുവെന്നും മൃതദേഹം എംബാം ചെയ്ത് വെച്ചിരിക്കുകയായിരുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ചോര്‍ത്തി എന്നാണ് ലീജിയണ്‍ അവകാശപ്പെടുന്നത്. ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ പോന്ന വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയതെങ്കിലും വിവരങ്ങള്‍ പുറത്തുവിടുക തന്നെ ചെയ്യും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇതിന് പുറമെ വീണ്ടും അടുത്ത നുഴഞ്ഞുകയറ്റത്തിന് ഒരുങ്ങുന്നതായി ഹാക്കര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യസഭ, ലോക്സഭ എംപിമാരുടെ ഇമെയില്‍ വിലാസം ഉള്‍ക്കൊള്ളുന്ന സന്‍സദ് ഡോട്ട് എന്‍ഐസി ഡോട്ട് ഇന്‍ (<sansad.nic.in>) എന്ന ഡൊമൈന്‍ ആണ് അടുത്ത ലക്ഷ്യമെന്നായിരുന്നു ലീജിയണ്‍ വെളിപ്പെടുത്തിയത്.